ബെല്‍ജിയന്‍ താരം റൊമെലു ലുകാകുവിന്റെ പരുക്ക് ഗുരുതരമല്ലെന്ന് മാനേജര്‍ റോബേര്‍ട്ടോ മാര്‍ട്ടിനെസ്. എന്നാല്‍, ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ലുകാകു കളിക്കുമോ എന്ന് മാര്‍ട്ടിനെസ് ഉറപ്പ് പറഞ്ഞില്ല.
ഇനിയും 48 മണിക്കൂര്‍ ഉണ്ടെന്നും അതു കഴിഞ്ഞ് മാത്രമെ ലുകാകു ഇംഗ്ലണ്ടിനെതിരെ കളിക്കുമോ എന്ന് തീരുമാനിക്കു എന്നും മാര്‍ട്ടിനെസ് പറഞ്ഞു. രണ്ട് മത്സരങ്ങളില്‍ നിന്നായി 4 ഗോളുകള്‍ സ്‌കോര്‍ ചെയ്ത ലുകാകു ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ കെയ്‌നിന്റെ തൊട്ടു പിറകിലാണ്. പക്ഷെ നോക്കൗട്ട് റൗണ്ട് ഉറപ്പായതു കൊണ്ട് ലുകാകു അടക്കമുള്ള പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാകും ബെല്‍ജിയം ഇംഗ്ലണ്ടിനെതിരെ ഇറങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ടുണീഷ്യക്കെതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ പരിക്ക് കാരണം ലുകാകു നേരത്തെ കളം വിട്ടിരുന്നു. ലുകാകുവിന്റെ സ്‌കാനിംഗ് കഴിഞ്ഞു എന്നും പരിക്ക് സാരമുള്ളതല്ല എന്നുമാണ് മാര്‍ട്ടിനെസ് അറിയിച്ചത്.