‘ചുവന്ന പ്രളയത്തില്‍’ ഒലിച്ച് പനാമ; എതിരില്ലാത്ത മൂന്ന് ഗോളിന് ബെല്‍ജിയം വിജയിച്ചു

സോച്ചി: ബെല്‍ജിയത്തിന് ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ തുടക്കം. പനാമയ്‌ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് വിജയിച്ചത്. ബെല്‍ജയിത്തിനായി റൊമേലു ലുക്കാകു ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഡ്രൈസ് മെര്‍ട്ടന്‍സിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍.

ആദ്യ പകുതിക്ക് ശേഷമാണ് മൂന്ന് ഗോളുകളും പിറന്നത്. 47-ാം മിനില്‍ ഡ്രൈസ് മെര്‍ട്ടന്‍സ് ആണ് ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍ നേടിയത്. പനാമ ബോക്സില്‍ ലഭിച്ച പന്തിനെ മികച്ചൊരു ഹാഫ് വോളിയിലൂടെ മെര്‍ട്ടെന്‍സ് വലയിലാക്കുകയായിരുന്നു. 69 മിനിറ്റില്‍ റൊമലു ലുക്കാകുവാണ് ബെല്‍ജിയത്തിന്റെ രണ്ടാം ഗോള്‍ നേടിയത്. കെവിന്‍ ഡി ബ്രയന്‍ നേടിയ മികച്ച ഒരു ക്രോസ് പാസ് ലുക്കാകുവിന്റെ മിന്നുന്നൊരു ഹെഡറിലൂടെ പനാമ വല കടക്കുകയായിരുന്നു. അധികം വൈകാതെ മത്സരത്തിലെ മൂന്നാം ഗോളും തന്റെ രണ്ടാം ഗോളും ലുക്കാക്കു സ്വന്തമാക്കി. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ഏഡന്‍ ഹസാര്‍ഡിന്റെ പാസില്‍ നിന്നായിരുന്നു ലുക്കാക്കുവിന്റെ രണ്ടാം ഗോള്‍.

ആക്രമിച്ച് കളിച്ചെങ്കിലും ഒന്നാം പകുതി കഴിഞ്ഞപ്പോള്‍ ഗോളൊന്നും നേടാന്‍ ഇരുടീമുകള്‍ക്കും സാധിച്ചിരുന്നില്ല. കളിയിലുടനീളം നിറഞ്ഞു കളിച്ചിട്ടും നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ആദ്യപകുതിയില്‍ ബെല്‍ജിയത്തിന് ഗോള്‍ നേടാന്‍ സാധിക്കാതിരുന്നത്. ഗോളിലേക്ക് നിരവധി തവണ ലക്ഷ്യം വച്ചെങ്കിലും പാറ പോലെ ഉറച്ചു നിന്ന പനാമയുടെ പ്രതിരോധ നിരയേയും ഗോളി ജെയിം പെനേഡയേയും മറി കടക്കാന്‍ ബെല്‍ജിയത്തിന്റെ പേരുകേട്ട മുന്നേറ്റ നിരക്ക് സാധിച്ചില്ല.

Top