യൂറോ കപ്പ്; ബെല്‍ജിയം, ഡെന്മാര്‍ക്ക്, ഓസ്ട്രിയ ടീമുകള്‍ കൂടി പ്രീ ക്വാര്‍ട്ടറില്‍ കടന്നു

യൂറോ കപ്പ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയവുമായി ബെല്‍ജിയവും നെതര്‍ലന്‍ഡും ഡെന്മാര്‍ക്കും. ജയത്തോടെ ഗ്രൂപ്പ് സിയില്‍ നെതര്‍ലന്‍ഡും ഗ്രൂപ്പ് ബിയില്‍ ബെല്‍ജിയവും അതാത് ഗ്രൂപ്പുകളുട ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ബിയില്‍ തന്നെ നടന്ന മറ്റൊരു മത്സരത്തില്‍ റഷ്യയെ പരാജയപ്പെടുത്തിയ ഡെന്മാര്‍ക്കും രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറെത്തി.

രണ്ടാം മത്സരത്തില്‍ റഷ്യയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് ഡെന്മാര്‍ക്ക് പ്രീക്വാര്‍ട്ടര്‍ പ്രവേശനം നേടിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൊരുതി കീഴടങ്ങിയ ഡാനിഷ് പട നിര്‍ണായകമായ മത്സരത്തില്‍ അവസരത്തിനൊത്തുയരുകയായിരുന്നു. ബി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ റഷ്യയെ നിലംപരിശാക്കി ഡെന്മാര്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. 3 മത്സരങ്ങളില്‍ നിന്നും 3 പോയിന്റുള്ള ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ ഡെന്മാര്‍ക്ക് ഫിന്‍ലണ്ടിനെയും റഷ്യയെയും പിന്നിലാക്കിയാണ് അവസാന 16 ല്‍ ഇടം പിടിച്ചത്.

നെതര്‍ലന്‍ഡിനെ ഞെട്ടിച്ചാണ് വടക്കന്‍ മാസിഡോണിയ ആരംഭിച്ചത്. എന്നാല്‍ എണ്ണം പറഞ്ഞ മൂന്നു ഗോളുകള്‍ വടക്കന്‍ മാസിഡോണിയയുടെ വലയില്‍ നിറച്ചായിരുന്നു വിനാള്‍ഡത്തിന്റെയും സംഘത്തിന്റെയും ഹാട്രിക്ക് വിജയ ആഘോഷം. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ 9 പോയിന്റുമായി നെതര്‍ലണ്ട്‌സ് സി ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാര്‍ട്ടറില്‍; മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റഫ് ബൊംഗാട്ട്ണറുടെ ഗോളില്‍ ഉക്രെയ്‌നെ മറികടന്ന് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഓസ്ട്രിയയും പ്രീ ക്വാര്‍ട്ടറിലെത്തി.

ബി ഗ്രൂപ്പില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബെല്‍ജിയം ഫിന്‍ലണ്ടിനെ തകര്‍ത്തു. കളിയിലുടനീളം ആധിപത്യം തുടര്‍ന്ന ബെല്‍ജിയത്തിന്റെ സൂപ്പര്‍ താര നിര ഫിന്‍ലണ്ട് പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. രണ്ടാം പകുതിയില്‍ ഫിന്‍ലണ്ട് ഗോളി ഹ്‌റാദെക്കിയുടെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ റെഡ് ഡെവിള്‍സ് 81 ആം മിനുട്ടില്‍ നായകന്‍ റൊമേലു ലുക്കാക്കുവിന്റെ ഗോളിലൂടെ വിജയം ഉറപ്പിച്ചു.

Top