തിരുവനന്തപുരം: സനാതന ധര്‍മവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് എതിരെ കെ ബി ഗണേഷ് കുമാര്‍ എം.എല്‍.എ രംഗത്ത്. എല്ലാ മതങ്ങളുടെയും ആത്മീയ വിശ്വാസങ്ങള്‍ക്ക് വലിയ വിലയുണ്ട്. മണ്ടത്തരങ്ങളും വിഢിത്തങ്ങളും മന്ത്രിമാര്‍ പറയാതിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു. അപ്പോള്‍ കാണുന്നവനെ അച്ഛാ എന്നു വിളിക്കുന്നത് ശരിയല്ലെന്നും ഗണേഷ് കുമാര്‍ പരിഹസിച്ചു.
വിശ്വാസങ്ങളേയും ആചാരങ്ങളേയു ചോദ്യം ചെയ്യുന്നത് ശരിയല്ല. അപ്പൂപ്പന്റെ മോനായിട്ടും അഛന്റെ മോനായിട്ടും വന്നിട്ട് അപ്പം കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്നത് ശരിയല്ല. സിനിമയും രാഷ്ട്രീയവും അറിയാമെന്ന് കരുതി ആരാണ്ട് വിളിച്ചപ്പോള്‍ അവരെ സുഖിപ്പിക്കാനുള്ള നിലപാടുകള്‍ ശരിയല്ല. എല്ലാ മതത്തിന്റേയും ആത്മീയവിശ്വാസങ്ങള്‍ക്ക് വിലയുണ്ട്.
സനാതന ധര്‍മം പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന ഡി.എം.കെ നേതാവും തമിഴ്നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയ കോലാഹലങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. സനാതന ധര്‍മത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകര്‍ച്ചവ്യാധികളോട് താരതമ്യപ്പെടുത്തിയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. ‘ചില കാര്യങ്ങള്‍ എതിര്‍ത്താല്‍ മാത്രം മതിയാകില്ല, അവയെ തുടച്ചുനീക്കണം. ഡെങ്കി, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാധനത്തേയും നമുക്ക് തുടച്ചുനീക്കണം’, എന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.