ടെഹ്‌റാന്‍: മദ്യപിച്ചാല്‍ കൊറോണവൈറസ് ബാധിക്കില്ലെന്ന വ്യാജ വാര്‍ത്ത വിശ്വസിച്ച് ഇറാനില്‍ വ്യാജമദ്യം കഴിച്ച 27 പേര്‍ മരിച്ചതായി വിവരം. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണ പടിഞ്ഞാറന്‍ പ്രവിശ്യയായ ഖുസെസ്താനില്‍ 20 പേരും വടക്കന്‍ മേഖലയായ അല്‍ബോര്‍സില്‍ 7 പേരുമാണ് വ്യാജമദ്യം കഴിച്ച് വിഷബാധയേറ്റ് മരിച്ചത്.
ഇറാനില്‍ സമ്പൂര്‍ണ മദ്യ നിരോധനമാണെങ്കിലും ചിലര്‍ വ്യാജ മദ്യമുണ്ടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് ചിലര്‍ വന്‍തോതില്‍ മദ്യം നിര്‍മിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വ്യാജ മദ്യം കഴിച്ച് വിഷബാധയേറ്റ് 218 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ജുന്‍ദിഷാപുര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി വക്താവ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് വ്യാജ വാര്‍ത്ത പ്രചരിച്ചതെന്ന് അല്‍ബോര്‍സ് ഡെപ്യൂട്ടി പ്രൊസിക്യൂട്ടര്‍ മുഹമ്മദ് അഘായാരി പറഞ്ഞു. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.