ബെൽറ്റ് -റോഡ്‌ പദ്ധതി ; നേപ്പാളിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ചൈന

CHINA-NEPPAL

ബെയ്‌ജിംഗ് : ലോകസമ്പദ്ഘടനയെത്തന്നെ മാറ്റിമറിക്കാൻപോകുന്ന ചൈനയുടെ ‘ഒരു പാത- ഒരു പ്രദേശം’പദ്ധതി നേപ്പാളിന്റെ വികസനത്തിനും സാമ്പത്തിക പുരോഗതിക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് വിലയിരുത്തൽ. വിവിധ സർക്കാർ ഉദ്യോഗസ്ഥരും വിദഗ്ധരുമാണ് ഈ വിഷയത്തിൽ പുതിയ നിഗമനം അറിയിച്ചിരിക്കുന്നത്.

ബെൽറ്റ് ആൻഡ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായി കാഠ്മണ്ഡുവിൽ നേപ്പാൾ,ചൈന ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി (എൻസിസിസിഐ) തിങ്കളാഴ്ച സംഘടിപ്പിച്ച ഏകദിന സെമിനാറിനു ശേഷം സംസാരിക്കുകയായിരുന്നു ഇവർ. പ്രമുഖ മാധ്യമമായ സിൻഹുവയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പദ്ധതിയ്ക്ക് ആവശ്യമുള്ള തന്ത്രങ്ങളും ആസൂത്രണങ്ങളും നടത്തിയിട്ടുണ്ട്. ബെൽറ്റ് ആൻഡ് റോഡ് പദ്ധതി വളരെ വിശാലമായ ഒരു ആശയമാണെന്നും ഇതിലൂടെ പരമാവധി ആനുകൂല്യങ്ങൾ നേടുന്നതിനുള്ള സമീപനമാണ് നടത്തുകയെന്നും നേപ്പാൾ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ശങ്കർ ദാസ് ബൈരാഗി പറഞ്ഞു.

നേപ്പാൾ ഭൂപ്രകൃതി നിറഞ്ഞതും എന്നാൽ കുറവ് വികസനമുള്ള രാജ്യമാണ്. അതിനാൽ അയൽ രാജ്യങ്ങളുടെ സഹകരണം വേണം, പ്രത്യേകിച്ചും ചൈന പോലുള്ള രാജ്യങ്ങളുടെ പിന്തുണ നേപ്പാളിൻറെ നിലവാരം ഉയർത്താൻ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുവശത്ത് ചൈനീസ് ഉദ്യോഗസ്ഥർ പദ്ധതി അംഗീകരിക്കുകയും നടപ്പിലാക്കുന്നതിനുള്ള വ്യക്തമായ നിർദേശങ്ങൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബെൽറ്റ് -റോഡ്‌ പദ്ധതി നടപ്പാക്കാൻ ആത്മാർത്ഥതയും , രാഷ്ട്രീയ പരമായ എല്ലാ കക്ഷികളുടെയും പിന്തുണയും ആവശ്യമാണെന്ന് ചൈനീസ് അംബാസിഡർ യു ഹോങ് വ്യക്തമാക്കി.

ബെൽറ്റ് -റോഡ്‌ പദ്ധതിയിലൂടെ ശക്തമായ സഹകരണം വികസിപ്പിക്കാനും , ചൈന-നേപ്പാൾ ബന്ധങ്ങളെ പുതിയ ഉയരത്തിൽ കൊണ്ടുവരാനും കഴിയും അതിലൂടെ നേപ്പാളുമായി അടുത്ത ബന്ധം പുലർത്താൻ ചൈനയ്ക്ക് അവസരമുണ്ടകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനയുടെ പ്രസ്താവനകളിൽ നിന്ന് നേപ്പാളുമായി ചൈന ശക്തമായ സഹകരണമാണ് ലക്ഷ്യമാക്കുന്നതെന്ന് വ്യക്തമാണ്. സമ്പദ്ഘടന വികസനം,വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവിധ രാജ്യങ്ങളിലെ 100 വിദഗ്ദ്ധർ,നിക്ഷേപകർ, കച്ചവടക്കാർ, ബിസിനസ്സ് കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവർ കാഠ്മണ്ഡുവിൽ നടന്ന സെമിനാറിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം മെയിലാണ് ബെൽറ്റ് -റോഡ്‌ പദ്ധതിയിൽ നേപ്പാളും ചൈനയും ഒപ്പുവെച്ചത്.

വൈരത്തിന്റെയും നയതന്ത്രക്കളികളുടെയും വഴിയിലൂടെയുള്ള വ്യാപാരം അവസാനിപ്പിച്ച് സ്വതന്ത്രവും സമാധാനപരവുമായി വ്യാപാരം നടത്താനുള്ള പാതയാണ് പുതിയ ബെൽറ്റ് -റോഡ്‌ പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. മറ്റ് ഏഷ്യൻരാജ്യങ്ങളുമായും യൂറോപ്പുമായുമായുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ വികസിപ്പിക്കുകയാണു ചൈനയുടെ ലക്ഷ്യം. ഇതിനായാണു ബെൽറ്റ് -റോഡ്‌ പദ്ധതി നടപ്പാക്കുന്നത്.

മേഖലയെ ബന്ധിപ്പിച്ചു പുതിയ റോഡുകളും റെയിൽപ്പാതകളും നിർമിക്കും. പുതിയ സമുദ്രപാതകൾക്കും രൂപം നൽകും. പദ്ധതിയുടെ ഭാഗമായ പാക്കിസ്ഥാൻ – ചൈന സാമ്പത്തിക ഇടനാഴി കടന്നുപോകുന്നതു പാക്ക് അധിനിവേശ കശ്മീരിലൂടെയാണ്. ഇതാണ് ഇന്ത്യയുടെ എതിർപ്പിന്റെ പ്രധാനകാരണം. അതേസമയം, ഇന്ത്യയും പങ്കാളിയാകണമെന്ന അഭിപ്രായമുള്ളവരുമുണ്ട്. വിട്ടുനിൽക്കുന്നത് വൻ വാണിജ്യനഷ്ടം ഉണ്ടാക്കുമെന്നാണു വാദം. എന്നാൽ, ഈ ഭീമൻ പദ്ധതി നിക്ഷേപക രാജ്യങ്ങളെ കടക്കെണിയിലാക്കുമെന്നും വാദമുണ്ട്.

Top