കർണാടക വനാതിർത്തി കടന്ന് ബേലൂർ മഗ്ന;ദൗത്യം വീണ്ടും പ്രതിസന്ധിയിൽ

 ബേലൂർ മഗ്ന ദൗത്യം വീണ്ടും പ്രതിസന്ധിയിൽ. ആന കർണാടക വനാതിർത്തി വിട്ട് നാഗർഹോള വനത്തിൽ കടന്നു. വനാതിർത്തിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് നിലവിൽ ആനയുടെ സ്ഥാനം. കർണാടക വനത്തിലൂടെ സഞ്ചരിക്കുന്ന ആന കൂടുതൽ ഉൾവനത്തിലേക്ക് നീങ്ങുകയാണ്. ഇത് രണ്ടാം തവണയാണ് ആന കർണാടക അതിർത്തിയിലെത്തുന്നത്.

ബേലൂർ മഗ്ന കർണാടക വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇന്ന് പകൽ ആന തിരിച്ചെത്താൻ സാധ്യതയില്ല. രാത്രിയോടെ തിരിച്ചു വന്നേക്കുമെന്നാണ് ദൗത്യ സംഘത്തിന്റെ പ്രതീക്ഷ. കൂടെ ഉണ്ടായിരുന്ന മോഴയാന ഇന്നലെ മുതൽ ബേലൂർ മഗ്നക്കൊപ്പമില്ല. കർണാടക വനത്തിൽ കയറി കേരള വനം വകുപ്പിന് ആനയെ മയക്കുവെടി വെക്കാൻ സാധിക്കാത്തതുകൊണ്ട് തന്നെ പ്രതിസന്ധി തുടരുകയാണ്.

അതേസമയം, ദൗത്യം നീളുന്നതിൽ ജനങ്ങൾക്ക് കടുത്ത പ്രതിഷേധമാണുള്ളത്. ആനയുടെ ആക്രമണത്തിൽ പടനിലം സ്വദേശി അജീഷ് കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയാണ്. സര്‍വ്വ സന്നാഹവുമായി ഇറങ്ങിയിട്ടും ദൗത്യസംഘത്തിന് ബേലൂര്‍ മഗ്നയെ മയക്കുവെടി വെയ്ക്കാനായിട്ടില്ല.

കഴിഞ്ഞ ദിവസം പനവല്ലിക്ക് സമീപമുള്ള കുന്നുകളിലായിരുന്നു ബേലൂര്‍ മഗ്ന തമ്പടിച്ചത്. മയക്കുവെടിവെയ്ക്കാന്‍ പാകത്തിന് ദൗത്യസംഘത്തിന് ആനയെ അടുത്ത് കിട്ടിയില്ല. റാപ്പിഡ് റെസ്‌പോണ്‍സ് ടീമും വെറ്റിനറി ടീമും സര്‍വ്വസന്നാഹങ്ങളുമായി തമ്പടിച്ചിട്ടും ബേലൂര്‍ മഗ്ന ഒളിച്ചുകളി തുടര്‍ന്നു.

Top