ബേലൂര്‍ മഖ്ന ദൗത്യം വഴിമുട്ടി; അരുണ്‍ സഖറിയയും സംഘവും കടുവയെ പിടിക്കാന്‍ പുല്‍പള്ളിയിലേയ്ക്ക് നീങ്ങി

ഒന്‍പത് ദിവസം നീണ്ടുനിന്ന ബേലൂര്‍ മഖ്‌ന ഓപ്പറേഷന്‍ നിലച്ച മട്ടില്‍. ആന ദൗത്യ സംഘത്തിന് പിടികൊടുക്കാതെ കര്‍ണാടക വനത്തിലേക്ക് പോയതോടെയാണ് ദൗത്യം വഴിമുട്ടിയത്. ഇതോടെ ദൗത്യ സംഘത്തില്‍ ഉണ്ടായിരുന്ന ഡോ അരുണ്‍ സഖറിയ അടക്കമുള്ളവര്‍ പുല്‍പള്ളിയിലിറങ്ങിയ കടുവയെ പിടികൂടുന്നതിനായി നീങ്ങി.

ശനിയാഴ്ച രാത്രിയോടെ ആന കേരള അതിര്‍ത്തി കടന്ന് കര്‍ണാടക വനത്തിലേക്ക് കടന്നിരുന്നു. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ പ്രകാരം ആന ഇപ്പോഴും കര്‍ണാടക വനത്തില്‍ തന്നെയാണ്. അതിര്‍ത്തിയില്‍ നിന്ന് ഏഴ് കിലോമീറ്ററോളം ഉള്ളിലായാണ് മോഴ നില്‍ക്കുന്നത്. ആന കേരളത്തിലേക്ക് കടന്നാല്‍ ഉടന്‍ വെടിവെയ്ക്കാന്‍ മയക്കുവെടി സംഘം ബാവലി കാടിനുള്ളില്‍ കാത്തുനില്‍ക്കുകയായിരുന്നു. എന്നാല്‍ അതിര്‍ത്തി കടന്ന ആന കേരളത്തിലേക്ക് തിരികെ വന്നില്ല.

റേഡിയോ കോളര്‍ സിഗ്നല്‍ മാര്‍ഗം ആനയെ ഇപ്പോഴും ട്രാക്ക് ചെയ്യുന്നുണ്ട്. ആന ജനവാസമേഖലയിലേക്ക് കടക്കാതിരിക്കാന്‍ വനപാലകരും കാവലുണ്ട്.

Top