കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്, ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞുപോകും:വി. ശിവന്‍കുട്ടി

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ടുവണങ്ങുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ”കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്…എന്നാല്‍ ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും..!”ഇതായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഹുക്കും, ജയിലര്‍ എന്നീ ഹാഷ്ടാഗുകളും കുറിപ്പിനൊപ്പം മന്ത്രി പങ്കുവച്ചിട്ടുണ്ട്. നിരവധി ആളുകളാണ് വിഷയത്തില്‍ പ്രതികരണമായി എത്തിയത്. കൂടുതല്‍ ആളുകളും രജനിയുടെ പ്രവര്‍ത്തി മോശമായിപ്പോയെന്നാണ് അഭിപ്രായപ്പെടുന്നത്. നേരത്തെ ‘ജയിലര്‍’ സിനിമ കണ്ട ശേഷവും പ്രതികരണവുമായി ശിവന്‍കുട്ടി എത്തിയിരുന്നു. ‘ജയിലര്‍’ വിനായകന്റെ സിനിമയെന്നായിരുന്നു മന്ത്രി അഭിപ്രായപ്പെട്ടത്.

അതേസമയം, യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച രജനികാന്ത് അദ്ദേഹത്തിനൊപ്പം ‘ജയിലര്‍’ സിനിമ കണ്ടിരുന്നു. യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രജനി അയോധ്യയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ലക്നൗവിലെത്തിയ അദ്ദേഹം ജയിലറിന്റെ പ്രത്യേക പ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്കൊപ്പമാണ് രജനി ചിത്രം കണ്ടത്.

Top