കൊറോണയിലും കേരളം മാതൃക; ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് ബംഗാള്‍

കൊല്‍ക്കത്ത: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന് പിന്നാലെ പ്രഖ്യാപനങ്ങളുമായി പശ്ചിമ ബംഗാളും. ഈ പ്രതിസന്ധി ഘട്ടത്തില്‍ ബുദ്ധിമുട്ടിലായ ജനങ്ങളെ സഹായിക്കാന്‍ സൗജന്യ റേഷനാണ് ബംഗാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ട് രൂപയ്ക്ക് ഒരു കിലോ അരിയും മൂന്ന് രൂപയ്ക്ക് ഒരു കിലോ ഗോതമ്പും എന്ന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സൗജന്യമായി ഈ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഈ പ്രഖ്യാപനത്തിലൂടെ ഏകദേശം 7.85 കോടി ജനങ്ങള്‍ക്ക് പരമാവധി അഞ്ച് കിലോവരെ സൗജന്യമായി നല്‍കുമെന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞത്. പാവപ്പെട്ടവര്‍ക്ക് ഇത്തരത്തില്‍ സെപ്റ്റംബര്‍ വരെ സൗജന്യ റേഷന്‍ നല്‍കാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 വൈറസ് വ്യാപനം കാരണം ജോലി കുറഞ്ഞവര്‍ക്കും സാമ്പത്തിക രംഗം തളര്‍ന്നതോടെ ബുദ്ധിമുട്ടിലാവര്‍ക്കും വേണ്ടിയാണ് പ്രഖ്യാപനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്കായി 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു.

കുടുംബശ്രീ വഴി ഏപ്രില്‍-മെയ് മാസങ്ങളില്‍ 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. കുടുംബങ്ങള്‍ക്കാണ് വായ്പ ലഭ്യാവുക. ഏപ്രില്‍, മെയ് മാസങ്ങളില്‍ 1000 കോടി രൂപ വീതമുളള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുമെന്നും ഏപ്രിലില്‍ നല്‍കേണ്ട സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൂടി ഈ മാസം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

50 ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് സാമൂഹികസുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. സാമൂഹിക സുരക്ഷ പെന്‍ഷന്‍ വാങ്ങാത്ത ബി.പി.എല്‍, അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് 1000 രൂപ വീതംനല്‍കുമെന്നും ഇതിനായി 100 കോടി വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ 10 കിലോ എന്ന നിരക്കില്‍ എല്ലാവര്‍ക്കും ഒരുമാസത്തെ ഭക്ഷ്യധാന്യം നല്‍കും. 100 കോടി രൂപ ഇതിനായി വകയിരുത്തും. 20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന 1000 ഭക്ഷണശാലകള്‍ ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. 50 കോടി രൂപ ഇതിനായി ചെലവഴിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഹെല്‍ത്ത് പാക്കേജുകള്‍ക്കായി 500 കോടി രൂപ വിലയിരുത്തും.ഇതൊക്കെയായിരുന്നു പിണറായി വിജയന്‍ സാമ്പത്തിക പാക്കേജായി പ്രഖ്യാപിച്ചത്.

Top