ബംഗാളില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയില്‍ ബിജെപിയുടെ കൊടിപിടിപ്പിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ചിത്രങ്ങള്‍ പ്രചരിച്ചതോടെ ബംഗാള്‍ ബിജെപി നേതാവും നേതാജിയുടെ കൊച്ചുമകനുമായ ചന്ദ്ര കുമാര്‍ ബോസ് രോഷത്തിലാണ്.
പൗരത്വ നിയമത്തില്‍ പാര്‍ട്ടി നിലപാടിനെ വിമര്‍ശിച്ച ചന്ദ്ര ബോസ് ഈ വിഷയത്തില്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ബിജെപിയില്‍ തുടരുന്ന കാര്യം പുനരാലോചിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. നാദിയ ജില്ലയിലെ നേതാജിയുടെ പ്രതിമയിലാണ് ബിജെപി കൊടി പിടിപ്പിച്ചത്. ഈ ചിത്രം സംസ്ഥാനത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘നേതാജി സുഭാഷ് ചന്ദ്ര ബോസ് രാഷ്ട്രീയ നിലപാടുള്ള വ്യക്തിയായിരുന്നു, പക്ഷെ അദ്ദേഹം പാര്‍ട്ടി രാഷ്ട്രീയത്തിന് ഏറെ മുകളിലാണ്. ഇന്നത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും നേതാജിക്ക് അര്‍ഹരല്ല. പ്രതിമയില്‍ കൊടി സ്ഥാപിച്ച് നേതാജിയെ സ്വന്തമാക്കാനും കഴിയില്ല. ഇത് തെറ്റായ രീതിയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് വിഷയത്തില്‍ പെട്ടെന്ന് ഇടപെടണം’, ബംഗാള്‍ ബിജെപി വൈസ് പ്രസിഡന്റായ ചന്ദ്ര ബോസ് പറഞ്ഞു.
പൗരത്വ നിയമത്തിന്റെ പേരില്‍ ഭയത്തിന്റെ അന്തരീക്ഷമാണ് പടരുന്നതെന്ന് നേരത്തെ ചന്ദ്ര ബോസ് അഭിപ്രായപ്പെട്ടിരുന്നു. ഭേദഗതി ചെയ്ത നിയമത്തില്‍ മുസ്ലീങ്ങള്‍ക്കും പൗരത്വം നല്‍കണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നിയമത്തില്‍ ചെറിയ മാറ്റം വരുത്തിയാല്‍ പ്രതിപക്ഷത്തിന്റെ പ്രചരണങ്ങള്‍ ഏതാനും നിമിഷം കൊണ്ട് ഇല്ലാതാകും. വേട്ടയാടപ്പെടുന്ന വ്യക്തികള്‍ക്ക് സിഎഎ പ്രകാരം പൗരത്വം നല്‍കുമെന്ന് മാറ്റണം, ബോസ് വ്യക്തമാക്കി.