തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി ; ബംഗാളിൽ പരസ്യ പ്രചാരണം നാളെ അവസാനിപ്പിക്കണം

ന്യൂഡൽഹി : ബംഗാളിലെ അവസാന ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം വെട്ടിക്കുറച്ചു തിരഞ്ഞെടുപ്പ് കമ്മിഷൻ. ചൊവ്വാഴ്ച വൈകിട്ട് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ സംഘർഷം ഉണ്ടായതിനെ തുടർന്നാണു നടപടി.

വെള്ളിയാഴ്ച അവസാനിക്കേണ്ട പരസ്യ പ്രചരണം നാളെ രാത്രി പത്ത് മണിവരെ മാത്രമെ പാടുള്ളുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഇടപെട്ടതിന് പശ്ചിമ ബംഗാൾ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അത്രി ഭട്ടാചാര്യയെയും സി.ഐ.ഡി എ.ഡി.ജി.പി രാജീവ് കുമാറിനെയും ചുമതലകളിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്യുകയും ചെയ്തു.

നോര്‍ത്ത്, സൗത്ത് കൊൽക്കത്ത, ഡയമണ്ട് ഹാർബർ, ജാദവ്പൂർ, മഥുരാപൂർ, ജയ്നഗർ, ബസിർഹത് തുടങ്ങി 9 സീറ്റുകളിലേക്കാണ് അവസാന ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ബംഗാളിലെ സംഘർഷത്തിനു പിന്നാലെ ബിജെപി നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു പരാതി ഉന്നയിച്ചിരുന്നു.

അതിനിടെ, സംഘര്‍ഷം തനിക്ക് നേരെയുള്ള വധശ്രമമായിരുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത് വന്നു. എന്നാല്‍ അമിത് ഷാ കള്ളനാണെന്നും ബി.ജെ.പി പുറത്ത് നിന്ന് കൊണ്ടുവന്ന ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചു. ബിജെപി അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ മമത ബാനര്‍ജി പ്രതിഷേധ മാര്‍ച്ച് നടത്തി.

Top