വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 സീറ്റുപോലും നേടില്ലെന്ന തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിയുടെ പരാമര്‍ശത്തോട് ദേശീയ നേതൃത്വം അനുനയത്തിന്റെ ഭാഷയില്‍ പ്രതികരിക്കുമ്പോഴും രൂക്ഷവിമര്‍ശനവുമായി സംസ്ഥാന നേതൃത്വം. എന്തുകൊണ്ടാണ് ബി.ജെ.പിയുടെ ഭാഷയില്‍ മമത സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. മമതയ്ക്ക് ബി.ജെ.പിയെ പേടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് വിജയിക്കണമെന്ന് ബി.ജെ.പിയോ മമത ബാനര്‍ജിയോ ആഗ്രഹിക്കുന്നില്ല. ഇന്ത്യ സഖ്യത്തിലെ നേതാവ് തന്നെ ഇങ്ങനെ പറയുന്നത് ദൗര്‍ഭാഗ്യകരമാണ്. അവര്‍ സ്വന്തം താത്പര്യപ്രകാരമാണ് ഇന്ത്യ സഖ്യത്തില്‍ ചേര്‍ന്നത്. ബി.ജെ.പിയെ പേടിച്ചിട്ടാണ് അവര്‍ നിലപാട് മാറ്റുന്നതെന്നും അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു.
കോണ്‍ഗ്രസ് തീര്‍ന്നെന്ന് ബി.ജെ.പി. പറയുന്നു. അത് അനുകരിച്ച് കോണ്‍ഗ്രസിന് 40 സീറ്റുപോലും ലഭിക്കില്ലെന്ന് മമത ബാനര്‍ജിയും പറയുന്നു. കോണ്‍ഗ്രസിന്റേത് പ്രീണനരാഷ്ട്രീയമാണെന്ന് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പറയുന്നു. മമതയും ഇത് തന്നെയാണ് പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്തുകൊണ്ടാണ് ബി.ജെ.പിയും മമതയും ഒരേ ഭാഷയില്‍ സംസാരിക്കുന്നത്? മമതയ്ക്ക് സംസ്ഥാനം രണ്ടാമതാണ്. രാഹുല്‍ഗാന്ധിക്ക് രാജ്യമാണ് പ്രധാനം. ബാക്കിയെല്ലാം പിന്നീടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസുമായി സഖ്യത്തിനുള്ള സാധ്യതകള്‍ അവസാനിച്ചുവെന്ന തരത്തില്‍ മമത പ്രതികരിക്കുമ്പോഴും സാധ്യതകള്‍ അടിഞ്ഞിട്ടില്ലെന്ന സൂചനയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രതികരണങ്ങളിലൂടെ നല്‍കി വരുന്നത്. ഇതേസമയത്താണ് ലോക്‌സഭാ കക്ഷി നേതാവുകൂടിയായ ചൗധരിയുടെ കടുപ്പിച്ചുള്ള പ്രതികരണം. മമത ഇപ്പോഴും സഖ്യത്തിന്റെ ഭാഗമാണെന്നും ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒന്നിക്കണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് നേരത്തെ പ്രതികരിച്ചിരുന്നു. സഖ്യം പ്രാദേശിക തിരഞ്ഞെടുപ്പിന് വേണ്ടിയല്ലെന്നും അത് ദേശീയ തലത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.