Bengal-cpm-congress-alliance-CC

ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. സഖ്യം വേണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളി.

മതേതര കക്ഷികളുമായി പ്രാദേശിക നീക്കുപോക്കുകളാകാം. ഇക്കാര്യത്തില്‍ ബംഗാള്‍ ഘടകത്തിന് തീരുമാനമെടുക്കാം.

സഖ്യനീക്കത്തെ കേന്ദ്രകമ്മിറ്റിയില്‍ ഭൂരിപക്ഷ അംഗങ്ങളും എതിര്‍ത്തു. കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും തോമസ് ഐസക്കും ഒഴികെ കേരളത്തില്‍ നിന്നു സംസാരിച്ചവരെല്ലാം കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്തിരുന്നു.

കേരളത്തിനു പുറമേ ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ത്രിപുര, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്തു. ഇതോടെയാണ് കേന്ദ്ര കമ്മിറ്റി സഖ്യം വേണ്ടെന്ന തീരുമാനത്തില്‍ എത്തിയത്.

ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കെതിരേ മതേതര കക്ഷികളെ എല്ലാം ഒപ്പം കൂട്ടണമെന്നാണ് സിപിഎമ്മിലെ ധാരണ. എന്നാല്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയാല്‍ കേരളത്തില്‍ രാഷ്ട്രീയ വിശദീകരണം നല്‍കേണ്ടി വരുമെന്ന് സംസ്ഥാന നേതൃത്വം നിലപാട് എടുക്കുകയായിരുന്നു.

Top