റെക്കോര്‍ഡ് കാലുമാറ്റ രാഷ്ടീയവുമായി ബംഗാള്‍ എംഎല്‍എ ജിതേന്ദ്ര തിവാരി

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് അടുത്തതോടെ റെക്കോര്‍ഡ് കാലുമാറ്റവുമായി ബംഗാള്‍ അസന്‍സോള്‍ എംഎല്‍എ ജിതേന്ദ്ര തിവാരി. ഡിസംബറില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ജിതേന്ദ്ര അധികം വൈകാതെ പാര്‍ട്ടിയില്‍ തിരിച്ചെത്തി. എന്നാല്‍, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലിപ് ഘോഷ് ആണ് അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വീകരിച്ചത്.

‘ജിതേന്ദ്ര തിവാരി പാര്‍ട്ടി മാറി ബിജെപിയിലേക്കെത്തി. ബംഗാളിലെ പരിവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. രാജീവ് ബാനര്‍ജിയും പ്രൊബില്‍ ഘോഷലും ഇപ്പോള്‍ ഞങ്ങളോടൊപ്പമുണ്ട്’ ദിലിപ് ഘോഷ് പറഞ്ഞു. ജയ് ശ്രീറാം വിളികളോടെയാണ് ജിതേന്ദ്ര തിവാരി ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയിലേക്ക് സ്വീകരിച്ചതില്‍ നന്ദിയുണ്ടെന്നും അവസരം നല്‍കിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അസന്‍സോള്‍ എംപിയും ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോ ജിതേന്ദ്രയുടെ പാര്‍ട്ടി പ്രവേശനത്തെ എതിര്‍ത്തു. തിവാരി പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ കല്‍ക്കരി അഴിമതിയില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്ന് ആളുകള്‍ക്ക് തോന്നുമെന്ന് ബാബുല്‍ സുപ്രിയോ പറഞ്ഞു. മാര്‍ച്ച് 27നാണ് ബംഗാളില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ്.

Top