ബംഗാളില്‍ ബിജെപി രഥയാത്ര പൊളിയ്ക്കാന്‍ പഴയ തന്ത്രങ്ങളുമായി മമത

കൊല്‍ക്കത്ത:പശ്ചിമബംഗാളില്‍ ബിജെപി നടത്തുന്ന രഥയാത്രയ്ക്ക് അനുമതി ലഭിയ്ക്കാന്‍ ഓരോ ജില്ലകളിലെയും പ്രാദേശിക അധികാരികളെ സമീപിക്കാനാവശ്യപ്പെട്ട് മമത സര്‍ക്കാര്‍. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സംസ്ഥാനത്തുടനീളം രഥയാത്രയ്ക്ക് അനുമതി തേടി തിങ്കളാഴ്ചയാണ് ബിജെപി ബംഗാള്‍ ഘടകം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. 294 മണ്ഡലങ്ങളെ കോര്‍ത്തിണക്കി കൊണ്ട് അഞ്ച് രഥയാത്രകള്‍ സംഘടിപ്പിക്കാനാണ് ബിജെപി നീക്കം. 20 മുതല്‍ 25 ദിവസം വരെ നീണ്ട് നില്‍ക്കുന്നതാണ് ഓരോ യാത്രയും. ഒരേ സമയം തന്നെയാണ് എല്ലാ യാത്രകളും നടക്കുകയെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പ്രതാപ് ബാനര്‍ജി സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നു.

ക്രമസമാധാന പരിപാലനത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള പ്രാദേശിക തലങ്ങളില്‍ ഉചിതമായ അധികാരികളെ സമീപിക്കാം എന്ന് സര്‍ക്കാരിന് വേണ്ടി സ്പെഷ്യല്‍ സെക്രട്ടറി പ്രതികരിച്ചു. അതിനാല്‍, രഥയാത്ര കടന്ന് പോകുന്ന എല്ലാ പോലീസ് സ്റ്റേഷനുകളില്‍ നിന്നും ബിജെപിയ്ക്ക് അനുമതി വാങ്ങേണ്ടി വരും. അനുമതികള്‍ക്കായി കൂടുതല്‍ സമയം എടുക്കുന്നതിന് പുറമെ ഏതെങ്കില്‍ പ്രദേശത്ത് ക്രമസമാധന പ്രശ്നം ഉന്നയിച്ചാല്‍ യാത്രയുടെ റൂട്ട് അടക്കം പലതവണകളായി മാറ്റേണ്ടി വരികയും ചെയ്യും.

ഇതിനിടെ രഥയാത്ര ക്രമസമാധാന പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ രാംപ്രസാദ് സര്‍ക്കാര്‍ ബുധനാഴ്ച കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഒരു പൊതുതാത്പര്യ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ഇതില്‍ വ്യാഴാഴ്ച കോടതി വാദം കേള്‍ക്കും. ബിജെപിയുടെ രഥയാത്ര തടയുന്നതിനായി 2019-ലെ തന്ത്രം തന്നെയാണ് മമത ബാനര്‍ജി ഇത്തവണയും പയറ്റുന്നത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാനമായ യാത്ര നടത്താന്‍ ബിജെപി പദ്ധതിയിട്ടിരുന്നു.

പ്രാദേശിക തലങ്ങളില്‍ നിന്ന് അനുമതി തേടണമെന്ന് തന്നെയാണ് അന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തത്. സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നായി മൂന്ന് യാത്രകളായിരുന്നു ബിജെപി നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് നടന്ന നിയമപോരാട്ടത്തില്‍ സുപ്രീംകോടതിയില്‍ മമത സര്‍ക്കാര്‍ വിജയിച്ചു. രഥയാത്ര നടത്താനുള്ള ബിജെപിയുടെ പദ്ധതി പരാജയപ്പെടുകയായിരുന്നു.

Top