യോഗി ആദിത്യനാഥിന്റെ ബംഗാള്‍ മോഹങ്ങള്‍ക്ക് മമതയുടെ വിലക്ക്‌. .

കൊല്‍ക്കത്ത: ബിജെപി നേതാക്കളെ കാലുകുത്താന്‍ സമ്മതിക്കാതെ മമത ബാനര്‍ജി നിലപാട് കടുപ്പിക്കുന്നു. ഇന്ന് കൊല്‍ക്കത്തയില്‍ നടത്താനിരുന്ന യോഗി ആദിത്യനാഥിന്റെ റാലിയ്ക്കും മമതയുടെ തൃണമൂല്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. മാള്‍ഡയ്ക്കടുത്ത് നോര്‍ത്ത് ദിനാജ് പൂരിലാണ് ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് റാലി നടത്താന്‍ തീരുമാനിച്ചിരുന്നത്. മാള്‍ഡയില്‍ ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ പോലും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മാള്‍ഡ ജില്ലാ കളക്ടര്‍ ഓഫീസിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.

കഴിഞ്ഞ മാസം ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിനുള്ള അനുമതിയെച്ചൊല്ലിയും ബിജെപി നേതാക്കളും മമതാ ബാനര്‍ജിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മാള്‍ഡയ്ക്കടുത്തുള്ള ഹോട്ടല്‍ ഗോള്‍ഡന്‍ പാര്‍ക്കിന്റെ എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങുന്നത് ഇവിടെയാണ്.

സ്ഥലം സര്‍ക്കാരിന്റേതാണെന്നും സ്വകാര്യവ്യക്തികള്‍ക്ക് ഇവിടം നല്‍കാനാകില്ലെന്നുമായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ വാദം. മമതാ ബാനര്‍ജി അധികാരം ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു കേന്ദ്രനിയമ മന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം.

ബംഗാളിനു സ്വന്തം കാര്യം നോക്കാന്‍ അറിയാമെന്നും പുറത്തുനിന്നുള്ളവരെ ബംഗാളിന് ആവശ്യമില്ലെന്നും മമത കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. യോഗി ആദിത്യനാഥ് സ്വന്തം സംസ്ഥാനത്തെ കാര്യം നോക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വാരാണസിയില്‍ വിജയിക്കാന്‍ സാധിക്കുമോ? എന്നും അവര്‍ തുറന്നടിച്ചിരുന്നു.

Top