കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടിങ് ആരംഭിച്ചു. ഏഴ് ജില്ലകളിലായി 56 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 383 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
അതിനിടെ ബിര്‍ഭുമിലെ പോളിങ് സ്റ്റേഷന് സമീപം സംഘര്‍ഷമുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ബിര്‍ഭൂം, മാള്‍ഡ എന്നിവിടങ്ങളില്‍ അടുത്തിടെ രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹത്തിലാണ് പോളിങ് നടക്കുന്നത്.
മാള്‍ഡയിലെ ഒരു പോളിങ് സ്റ്റേഷനില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് അല്‍പസമയം തടസപ്പെട്ടു. എല്ലാ പോളിങ് സ്റ്റേഷന് മുന്നിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ചില മണ്ഡലങ്ങളില്‍ നാല് മണിക്ക് തന്നെ വോട്ടെടുപ്പ് അവസാനിക്കും.
ഇന്ത്യന്‍ ഫുട്ബാള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ഭൂട്ടിയ ജനവിധി തേടുന്ന സിലിഗുരിയില്‍ ഇന്നാണ് വോട്ടെടുപ്പ്. സി.പി.എമ്മിന്റെ ശക്തനായ അശോക് ഭട്ടാചാര്യയാണ് ഭൂട്ടിയയുടെ എതിരാളി. വോട്ടെടുപ്പ് നടക്കുന്നതില്‍ 55 സീറ്റുകളില്‍ തൃണമൂലും 53 സീറ്റുകളില്‍ ബി.ജെ.പിയും 23 എണ്ണത്തില്‍ കോണ്‍ഗ്രസും 34 എണ്ണത്തില്‍ ഇടതുപക്ഷവും മത്സരിക്കുന്നുണ്ട്.
ആറ് ഘട്ടമായാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം നടന്ന ഏപ്രില്‍ നാലിന് 49 മണ്ഡലങ്ങളിലേക്കാണ് പോളിങ് നടന്നത്. ഈ മാസം 21, 25, 30, മെയ് അഞ്ച് തീയതികളിലാണ് ബാക്കിയുള്ള ഘട്ടങ്ങള്‍ നടക്കുക.