മുന്‍ ഇന്ത്യന്‍ താരവും പശ്ചിമ ബംഗാള്‍ സര്‍ക്കാരിലെ കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ മനോജ് തിവാരി ഈ വര്‍ഷത്തെ ഐപിഎല്‍ മെഗാലേലത്തിനുള്ള കളിക്കാരുടെ ചുരുക്കപ്പട്ടികയില്‍. 50 ലക്ഷമാണ് അദ്ദേഹത്തിന്റെ അടിസ്ഥാന വില. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കായി ഐപിഎല്ലില്‍ 98 മത്സരങ്ങള്‍ കളിച്ചിട്ടുള്ളയാളാണ് തിവാരി.
ഏഴ് അര്‍ധ സെഞ്ചുറികളടക്കം 1695 റണ്‍സും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2018-ല്‍ പഞ്ചാബ് ടീമിന് വേണ്ടിയാണ് അദ്ദേഹം അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. 2020-ലെ ലേലപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും തിവാരിയെ അത്തവണ ആരും വാങ്ങിയിരുന്നില്ല. ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള ബംഗാളിന്റെ 21 അംഗ സ്‌ക്വാഡിലും തിവാരിയുടെ പേര് ഉണ്ടായിരുന്നു.
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ബംഗാളിന്റെ 21 അംഗ രഞ്ജി ട്രോഫി സ്‌ക്വാഡിലാണ് മുപ്പത്തിയാറുകാരനായ മനോജ് തിവാരി ഇടം പിടിച്ചിരുന്നത്. ഒരു സംസ്ഥാനത്തെ കായിക മന്ത്രിയായി സേവനം അനുഷ്ഠിച്ച് കൊണ്ടിരിക്കുമ്പോള്‍ രഞ്ജി ട്രോഫി ടീമില്‍ ഇടം പിടിക്കുന്ന താരമെന്ന അപൂര്‍വ്വ നേട്ടം തിവാരിക്ക് സ്വന്തമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയായ തിവാരി കഴിഞ്ഞ വര്‍ഷമാണ് ബംഗാളിന്റെ കായിക മന്ത്രിയായി ചുമതലയേറ്റത്.
തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന താരം ശിബ്പ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിക്കുകയായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതു വരെ 125 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മനോജ് തിവാരി 50.36 ബാറ്റിംഗ് ശരാശരിയില്‍ 8965 റണ്‍സാണ് നേടിയിട്ടുള്ളത്. 27 സെഞ്ചുറികളും ഈ ഫോര്‍മ്മാറ്റില്‍ താരം സ്‌കോര്‍ ചെയ്തു. ഇന്ത്യന്‍ ദേശീയ ടീമിന് വേണ്ടി 12 ഏകദിനങ്ങളും, 3 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള തിവാരി ഏറ്റവും അവസാനം ക്രിക്കറ്റ് മൈതാനത്തിറങ്ങിയത് 2020-21 സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലായിരുന്നു.
ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങള്‍ ഇവരാണ്
പഞ്ചാബ് കിങ്‌സ്: മായങ്ക് അഗര്‍വാള്‍, ഷര്‍ഷദീപ് സിങ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: കെയ്ന്‍ വില്യംസണ്‍, ഉംറാന്‍ മാലിക്, അബ്ദുസ്സമദ്.
രാജസ്ഥാന്‍ റോയല്‍സ്: സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, യശസ്വി ജെയ്‌സ്വാള്‍.
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു: വിരാട് കോഹ്ലി, ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ്.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, കീറണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്.
ചെന്നൈ സൂപ്പര്‍ കിങ്‌സ്: എം.എസ്. ധോണി, രവീന്ദ്ര ജദേജ, മുഈന്‍ അലി, ഋതുരാജ് ഗെയ്ക്വാദ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, വരുണ്‍ ചക്രവര്‍ത്തി.
ഡല്‍ഹി കാപിറ്റല്‍സ്: ഋഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍, പൃഥ്വി ഷാ, ആന്റിച് നോര്‍ട്യേ.
ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സ്: ലോകേഷ് രാഹുല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, രവി ബിഷ്‌ണോയ്.
ഗുജറാത്ത് ടൈറ്റന്‍സ്: ഹര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ശുഭ്മന്‍ ഗില്‍