ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വെല്ലുവിളിയായി ബിജെപി വരുമെന്ന്‌ അഭിപ്രായ സര്‍വ്വെ

bjp karnataka

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ബിജെപി വെല്ലുവിളി സൃഷ്ടിക്കുമെന്ന് എബിപിസി വോട്ടര്‍ അഭിപ്രായ സര്‍വെ. സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകളില്‍ 16 സീറ്റ് വരെ ബിജെപി നേടുമെന്നാണ് സര്‍വെ പറയുന്നത്. കഴിഞ്ഞ തവണ രണ്ട് സീറ്റ് മാത്രമാണ് ബിജെപിക്ക് ബംഗാളില്‍ കിട്ടിയത്.

കഴിഞ്ഞ തവണ 34 സീറ്റിലും വിജയിച്ച തൃണമൂലിന്റെ സാധ്യത 25 സീറ്റിലേക്ക് കുറയുമെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ തവണ നാല് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് കേവലം ഒരു സീറ്റിലൊതുങ്ങും. അതേ സമയം 30 വര്‍ഷത്തോളം സംസ്ഥാനം അടക്കി ഭരിച്ച ചരിത്രമുള്ള സിപിഎമ്മും ഇടതുപക്ഷവും വട്ടപൂജ്യമാകും എന്നതാണ് മറ്റൊരു കണ്ടെത്തല്‍. നിലവിലെ മുന്നണി സാഹചര്യം ആസ്പദമാക്കിയാണ് സര്‍വെ ഫലം. മുന്നണി സംവിധാനം രൂപപ്പെട്ടാല്‍ സാധ്യതയില്‍ മാറ്റം വന്നേക്കാം.

ബംഗാള്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തകര്‍ന്നപ്പോള്‍ മുഖ്യപ്രതിപക്ഷമായി ബിജെപി കടന്നുവരുന്നു എന്ന സൂചനയാണ് സര്‍വെ ഫലം നല്‍കുന്നത്. കഴിഞ്ഞ ദിവസം ബിജെപി വിട്ട് തൃണമൂലിലെത്തിയ പയനിയര്‍ ദിനപത്രത്തിന്റെ എഡിറ്റര്‍ കൂടിയായ ചന്ദന്‍ മിത്ര പറഞ്ഞത് ബിജെപിയുടെ സീറ്റ് വര്‍ധിക്കുമെന്നതില്‍ അത്ഭുതമില്ല എന്നാണ്. കോണ്‍ഗ്രസും ഇടതുപക്ഷവും തകര്‍ന്നു, അതോടെ തൃണമൂലിനെ എതിര്‍ക്കുന്നവര്‍ ബിജെപിയെ ബദലായി കണ്ടു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ 16 സീറ്റ് ബി.ജെ.പി പിടിക്കുമെന്ന പ്രവചനം യുക്തിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

Top