നുഴഞ്ഞുകയറ്റക്കാരുടെ വിഷമമല്ല, ഹിന്ദു അഭയാര്‍ത്ഥികളുടെ വിഷമം കാണൂ മമതാ ജീ; ദിലീപ് ഘോഷ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ആദ്യം നടപ്പാക്കുക പശ്ചിമബംഗാളില്‍ ആയിരിക്കുമെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിക്കോ തൃണമൂല്‍ കോണ്‍ഗ്രസിനോ ഇത് തടയാന്‍ കഴിയില്ലെന്നും ദീലീപ് ഘോഷ് പറഞ്ഞു.പൗരത്വ നിയമം ബംഗാളില്‍ നടക്കില്ലെന്ന് നിലപാടെടുത്ത മമത ബാനര്‍ജിക്കെതിരായാണ് ബി.ജെ.പി നേതാവിന്റെ പ്രസ്താവന.

വോട്ട് ബാങ്ക് നഷ്ടമാകുമോ എന്ന ഭീതിയാണ് മമതയുടെ എതിര്‍പ്പിനു പിന്നില്‍. നുഴഞ്ഞുകയറ്റക്കാരുടെ വിഷമമാണ് മമതയെ അലട്ടുന്നത്, കഴിഞ്ഞ പതിറ്റാണ്ടുകളായി ഈ നിയമത്തിനായി കാത്തിരിക്കുന്ന ഹിന്ദു അഭയാര്‍ഥികളെക്കുറിച്ച് മമതക്ക് ആശങ്കയില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു. എന്തിനാണ് നിയമത്തെ എതിര്‍ക്കുന്നതെന്ന് ബാനര്‍ജി വ്യക്തമാക്കണമെന്ന് ഘോഷ് ആവശ്യപ്പെട്ടു.

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനേയും നോട്ട് നിരോധനത്തേയും മമത ബാനര്‍ജി എതിര്‍ത്തിരുന്നു. എന്നാല്‍ അത് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോയില്ല. പൗരത്വ നിയമത്തിലും അത് തന്നെയാണ് നടക്കാന്‍ പോകുന്നതെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേര്‍ത്തു.

ജയിലില്‍ പേകേണ്ടി വന്നാലും പൗരത്വ നിയമവും ദേശീയ പൗരത്വ പട്ടികയും പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു.ബിജെപിക്ക് ഇക്കാര്യം സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാകില്ലെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തെരുവുകളില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു.

Top