ബെംഗളൂരു: നഗരത്തിലെ കനത്ത മഴയില്‍ ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ വെള്ളത്തിനടിയിലായതിനാല്‍ നിരവധി യാത്രക്കാര്‍ കഴിഞ്ഞ ദിവസം ട്രാക്ടറില്‍ വന്നത് നിഷേധിച്ച് വിമാനത്താവള അധികൃതര്‍. എയര്‍പോര്‍ട്ടില്‍ ട്രാക്ടര്‍ ഇല്ലായിരുന്നു എന്നും അത് ബേഗൂര്‍ ജംഗ്ഷനിലായിരുന്നു എന്നും ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജയരാജ് ഷണ്‍മുഖം പറഞ്ഞു.
മഴ നിര്‍ത്താതെ പെയ്തതോടെ വെള്ളക്കെട്ട് ഉണ്ടായി, എങ്കിലും ആര്‍ക്കും ഒരു അസൗകര്യവും സംഭവിക്കില്ലെന്ന് ജീവനക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. വെള്ളക്കെട്ട് നീക്കാന്‍ കൂടുതല്‍ പമ്പുകള്‍ വെക്കുമെന്നും ഷണ്‍മുഖം കൂട്ടിച്ചേര്‍ത്തു.
വിമാനത്താവളത്തിലേക്ക് യാത്രക്കാര്‍ ട്രാക്ടറില്‍ എത്തുന്നതായി ചിത്രങ്ങളും, വീഡിയോയും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.