ബാംഗ്ലൂര്‍ : ബാംഗ്ലൂരില്‍ 2008 ജൂലായ് 25 നടന്ന സ്‌ഫോടനങ്ങള്‍ക്കു പിന്നിലെ പ്രധാന പ്രതി പാകിസ്ഥാനിലെ പെഷവാറില്‍ ഒളിച്ചുതാമസിക്കുന്നതായി റിപ്പോര്‍ട്ട്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെയും കേരളപൊലീസിന്റെയും അന്വേഷണത്തില്‍ വ്യക്തമായി.
ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന റിപ്പോര്‍ട്ടില്‍ ലഷ്‌കര്‍ ഈ തയ്ബയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കെ.പി സബീര്‍ 2008 നവംബര്‍ എട്ടിന് കള്ളപാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇന്ത്യയില്‍ നിന്നു കടന്നതെന്ന് പറയുന്നു. കെ.എ അനൂപ് എന്ന ആളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സബീറിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സാധിച്ചത്. കഴിഞ്ഞ മാസം യു.എ.ഇയില്‍ നിന്നും തിരികെ എത്തിയ അനൂപിനെ ന്യൂഡല്‍ഹിയിലെ വിമാനത്താവളത്തില്‍ നിന്നും എന്‍.ഐ.എ പിടികൂടിയിരുന്നു.
2005 സെപ്തംബറില്‍ കൊച്ചിയിലെ കളമശ്ശേരിയില്‍ ബസ് കത്തിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. ദുബായില്‍ അനൂപ് നടത്തിയ ഫോണ്‍കോളുകളില്‍ നിന്നും സബീറുമായി ബന്ധമുള്ള നമ്പര്‍ അന്വേഷണ സംഘത്തിന് ലഭിക്കുകയായിരുന്നു.
കേരളത്തിലെ സിമി സംഘടനയുടെ പ്രസിഡന്റായിരുന്ന സബീര്‍ നിരവധി കേസുകളിലെ പ്രതിയാണ്. ബസ് കത്തിച്ച കേസ്, കേരളത്തിലെ യുവാക്കള്‍ക്ക് തീവ്രവാദ പരിശീലനം നല്‍കാന്‍ സൗകര്യം ഒരുക്കി എന്നിവ അതില്‍ ഉള്‍പ്പെടും. കേരളത്തില്‍ നിന്നും കൊണ്ടുപോയ അഞ്ചു യുവാക്കളെ സബീര്‍ ലഷ്‌കര്‍ പ്രവര്‍ത്തകന് കൈമാറിയിരുന്നു. തുടര്‍ന്ന് പരിശീലനത്തിനായി ലഷ്‌കര്‍ ക്യാമ്പിലെത്തിയ ഇവരില്‍ നാലു പേര്‍ പിന്നീട് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. രക്ഷപ്പെട്ട അബ്ദുള്‍ ജബ്ബാര്‍ എന്ന യുവാവിനെ പിന്നീട് കേരള പൊലീസ് പിടികൂടിയിരുന്നു. ഷമീര്‍ കൊല്ലംകുടി അലിക്കുട്ടി എന്നയാളുടെ പാസ്‌പോര്‍ട്ടിലാണ് സബീര്‍ ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ടത്.
ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രചെയ്ത ഇയാളുടെ വ്യാജ പാസ്‌പോര്‍ട്ട് ഇറാനിലെ കിഷ് ദ്വീപിലുള്ള ഹോട്ടലില്‍ നിന്നും പിന്നീട് കണ്ടെത്തിയിരുന്നു. അന്ന് ഇന്ത്യന്‍ പ്രദേശത്തെ ലഷ്‌കര്‍ കമാന്‍ഡറും 26/11 മുംബൈ ഭീകരാക്രമണവുമായി ബന്ധവുമുള്ള റാഷിദ് അബ്ദുള്ളയും മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഡേവിഡ് ഹെഡ്‌ലിക്കു സഹായം നല്‍കിയതിന് യു. എസില്‍ പതിനാലുവര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുന്ന പാക് വംശജനായ താഹാവൂര്‍ റാണയുമാണ് സബീറിനെ ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചതായി അന്വേഷണ ഏജന്‍സി സംശയിക്കുന്നു.