ബംഗളൂരു: കാവേരി വിഷയത്തില്‍ സംഘര്‍ഷം തടയാനുളള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതപ്പെടുത്തി.
സംഘര്‍ഷം ഏറ്റവും കൂടുതല്‍ ഉടലെടുത്ത ബംഗളുരുവില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അക്രമം ഒന്നിനും പരിഹാരമല്ല. പരസ്പര ചര്‍ച്ചയിലൂടെയാണ് പരിഹാരം കാണേണ്ടത്. വേദനാജനകമായ സംഭവങ്ങളാണ് ഉണ്ടായത്. രാജ്യതാല്‍പര്യത്തിന് എല്ലാവരും മുന്‍തൂക്കം നല്‍കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.
തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകള്‍ ക്രിയാത്മകമായി ഇടപെടണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ജനങ്ങളെ ശാന്തരാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തിറങ്ങണം. മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ആവശ്യപ്പെട്ടു.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവിലെങ്ങും അതീവ ജാഗ്രത തുടരുന്നു. ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ തുടരുകയാണ്. ഇന്നലെ രാത്രിമുതല്‍ 16 പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പെടുത്തി. എല്ലായിടത്തും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രിം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാവത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം കനത്തത്.
ബംഗളൂരുവില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചിരുന്നു. അക്രമം നടത്തിയ 200ഓളം പേരെ പൊലീസ് അറസ്റ്റു ചെയ്തു.
അതേസമയം,സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് കൂടി തുടരും. ഇരുപതിലധികം ഇടങ്ങളിലേക്ക് കര്‍ഫ്യൂ വ്യാപിപ്പിച്ചിട്ടുണ്ട്. സുരക്ഷ ശക്തമാക്കുന്നതിനായി സംസ്ഥാനത്ത് കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.