ബെംഗളൂരു : രാഷ്ട്രീയ നേതാക്കളെയും വ്യവസായികളെയും ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന സംഘത്തിലെ എട്ടു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. മൂന്നു വർഷമായി ബെംഗളൂരുവിൽ വിലസുന്ന ഇവർ കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ കണ്ണിൽ പെടുന്നത്. ഉത്തര കർണാടകയിലെ ഒരു എംഎൽഎയുടെ പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് എട്ടംഗ സംഘത്തിന്റെ അറസ്റ്റിലേക്ക് എത്തിയത്.
അറസ്റ്റു ചെയ്തവരില്‍ രണ്ടു പേര്‍ സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്. യുവതീകളുമായി എം.എല്‍.എയുടെ ലൈംഗിക സംഭാഷണങ്ങള്‍ അടങ്ങിയ ടേപ് പുറത്തുവന്നിരുന്നു.
25 കോടി രൂപ ആവശ്യപ്പെട്ട് ഒരു യുവതി വിളിച്ചെന്ന രാഷ്ട്രീയ നേതാവിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. നവംബര്‍ 26 നാണ് എട്ടംഗ സംഘം പൊലീസ് പിടിയിലാകുന്നത്. തുടര്‍ന്നു ലഭിച്ച ഫോണ്‍ സന്ദേശങ്ങള്‍ പിന്തുടര്‍ന്നാണ് പൊലീസ് അന്വഷണം നടത്തിയത്.
ഒരു നേതാവിനെ വശീകരിച്ചു വരുതിയിലാക്കാന്‍ ഒരു യുവതിയെ നിയോഗിക്കും. തുടര്‍ന്ന് നേതാവ് കെണിയില്‍ വീണെന്ന് ഉറപ്പായ ശേഷം അയാളുടെ വിദേശ യാത്രകളിലും മറ്റും യുവതി പങ്കാളിയാകും. പിന്നീട് ഗസ്റ്റ് ഹൗസുകളിലേക്കും നക്ഷത്ര ഹോട്ടലുകളിലേക്കും ക്ഷണിക്കും. അവിടെ സംഘത്തിലുള്ളവര്‍ രഹസ്യക്യാമറകള്‍ ഘടിപ്പിച്ചിരിക്കും.
യുവതിയുമൊത്തുള്ള രഹസ്യനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ശേഷം സംഘം ദൃശ്യങ്ങള്‍ നേതാവിന് അയച്ചുകൊടുത്തു പണം ആവശ്യപ്പെടും.
നേരത്തേ മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രി, മുന്‍ ഗവര്‍ണര്‍, 8 മന്ത്രിമാര്‍, ഒരു ഡസനോളം ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ചു പണം തട്ടാന്‍ ശ്രമിച്ചതിന്റെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് ബെംഗളൂരുവിലും സമാന രീതിയിലുള്ള ഓപറേഷനുകള്‍ നടക്കുന്നതായി കണ്ടെത്തല്‍.