ലോകത്തെ മുന്‍നിര നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരു 19-ാം സ്ഥാനത്ത്

ബെംഗളൂരു : ഇന്ത്യയുടെ ഹൈടെക് വ്യവസായ കേന്ദ്രം എന്നറിയപ്പെടുന്ന ബെംഗളൂരു ലോകത്തിലെ 25 മുന്‍നിര ഹൈടെക് നഗരങ്ങളുടെ പട്ടികയില്‍ 19-ാം സ്ഥാനം നേടി.

ഗവേഷക കമ്പനിയായ 2 തിങ്ക് നൗവാണ് സര്‍വെ സംഘടിപ്പിച്ചത്. കര്‍ണാടക ഐടി ടൂറിസം മന്ത്രി പ്രിയങ്ക് ഖാര്‍ഗെ, വ്യവസായ അടിസ്ഥാനസൗകര്യ മന്ത്രി ആര്‍ വി ദേശ്പാണ്ഡെ എന്നിവര്‍ ബെംഗളൂരുവിന്റെ നേട്ടത്തില്‍ അഭിനന്ദനമറിയിച്ചു. സര്‍ക്കാരിന്റെ നയങ്ങളുടേയും കാഴ്ചപ്പാടിന്റെയും ഫലമാണിതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പ്രതിശീര്‍ഷ വരുമാനം, സ്റ്റാര്‍ട്ടപ്പുകള്‍, ടെക് സംരംഭക മുതലാളിമാര്‍, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിന്റെ നിലവാരം തുടങ്ങിയ 10 ഘടകങ്ങളെ ആധാരമാക്കി 85 നഗരങ്ങളിലായിട്ടാണ് കമ്പനി സര്‍വെ നടത്തിയത്.

കഴിഞ്ഞ വര്‍ഷം 49 -ാം സ്ഥാനത്തായിരുന്ന ബെംഗളൂരു പ്രതിഭകളുടെ ലഭ്യത, നിക്ഷേപകരുടെ മികച്ച സാഹചര്യം, വ്യവസായ വിദഗ്ധരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യല്‍, സ്റ്റാര്‍ട്ടപ്പ് ആക്‌സലേറ്റര്‍മാരുടെ സാന്നിധ്യം എന്നീ ഘടകങ്ങളിലൂടെയാണ് 25 ഹൈടെക് നഗരങ്ങളില്‍ 19-ാം സ്ഥാനം സ്വന്തമാക്കിയത്.

സാന്‍ഫ്രാന്‍സിസ്‌കോയിലെ സിലിക്കന്‍ വാലിയാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്.

ഡിസൈനര്‍മാരുടെ എണ്ണം, പ്രോഗ്രാമേഴ്‌സ്, സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം, വെഞ്ച്വര്‍ കാപ്പിറ്റല്‍ എന്നിവയിലെ മികവാണ് സിലിക്കന്‍ വാലിയെ പട്ടികയില്‍ ഒന്നാംസ്ഥാനത്തിന് അര്‍ഹമാക്കിയത്.

വളരെയധികം സ്റ്റാര്‍ട്ടപ്പുകളും പ്രോഗ്രാമേഴ്‌സുമുള്ള ലണ്ടന്‍ നഗരമാണ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത്. നഗരത്തില്‍ നിലവില്‍ 34,000 ടെക് ബിസിനസുകളുണ്ടെന്നാണ് കണക്ക്. ലോസ്ആഞ്ചെല്‍സ്, സീയോള്‍, തയ്‌പെയ്, ബോസ്റ്റണ്‍, സിംഗപ്പൂര്‍, ടൊറന്റോ, ചിക്കാഗോ തുടങ്ങിയ നഗരങ്ങളാണ് പട്ടികയില്‍ നാല് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.

ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് ഇപ്പോള്‍ ചൈനയേക്കാള്‍ വളരെ ഉയര്‍ന്നതാണ്. എന്നാല്‍ ബെയ്ജിംഗും ഷാംഗ്ഹായും ഈ വര്‍ഷം ബെംഗളൂരുവിനേക്കാള്‍ ഉയര്‍ന്ന റാങ്കിലാണ്. 16, 17 ആണ് ഈ രണ്ടു നഗരങ്ങളുടെ സ്ഥാനം.

Top