കോഴിക്കോട്ടേക്കു നീട്ടിയ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് (16511–16512) സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് എം.കെ.രാഘവൻ എംപിയെ അറിയിച്ചു. റെയിൽവേ മന്ത്രിയുമായി ചൊവാഴ്ച ഡൽഹിയിൽ എംപി നടത്തിയ കൂടിക്കാഴ്ചയിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മംഗളൂരു – മധുര – രാമേശ്വരം എക്സ്‌പ്രസ് ഉടൻ ആരംഭിക്കുമെന്നും നഷ്ടത്തിലോടുന്ന ഗോവ – മംഗളൂരു വന്ദേഭാരത് എക്സ്‌പ്രസ് കോഴിക്കോട്ടേക്കു നീട്ടുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി എംപിയെ അറിയിച്ചു. ട്രെയിൻ കോഴിക്കോട്ടേക്കു നീട്ടിയ റെയിൽവേ ബോർഡ് തീരുമാനത്തെ എതിർത്തു മംഗളൂരു എംപി നളിൻ കുമാർ കട്ടീൽ കഴിഞ്ഞദിവസം റെയിൽവേ മന്ത്രിയെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് എം.കെ രാഘവൻ എംപി റെയിൽവേ മന്ത്രിയെ കണ്ടു തീരുമാനം പിൻവലിക്കരുതെന്നും പിൻവലിച്ചാൽ ജനകീയ പ്രക്ഷോഭമുണ്ടാവുമെന്നും അറിയിച്ചത്.
കോയമ്പത്തൂർ, എറണാകുളം സ്റ്റേഷനുകൾ ബന്ധിപ്പിച്ചു പുതിയ മെമു സർവീസുകൾ ആരംഭിക്കുക, ട്രാക്ക് അറ്റകുറ്റപണികളുടെ പേരിൽ നിർത്തലാക്കിയ സർവീസുകൾ പുനഃസ്ഥാപിക്കുക, മംഗളൂരു – കോഴിക്കോട് എക്സ്‌പ്രസ് (16610) മെമു റേക്കുകളാക്കി പാലക്കാട് വരെ നീട്ടി സർവീസ് പുനഃക്രമീകരിക്കുക, മംഗളൂരുവിൽനിന്നും പാലക്കാട് വഴി പുതിയ ബെംഗളൂരു സർവീസ് ആരംഭിക്കുക, കടലുണ്ടി, മണ്ണൂർ, പി.ടി.ഉഷ റോഡ്, ബട്ട് റോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റെയിൽവേ ഫ്‌ളൈ ഓവറുകള്‍, കുണ്ടായിത്തോട്, ചക്കോരത്തുകുളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അണ്ടർ പാസുകള്‍ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും എംപി കൂടിക്കാഴ്ചയിൽ ഉന്നയിച്ചു. വിഷയങ്ങൾ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നു റെയിൽവേ മന്ത്രി വ്യക്തമാക്കി.