ബംഗളുരു: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് തൊഴിലില്ലാതായതിനെ തുടര്‍ന്ന് പട്ടിണിയിലായ നാട്ടുകാരെ സഹായിക്കാന്‍ സ്വന്തം സ്ഥലം വിറ്റ് ആവശ്യവസ്തുക്കളെത്തിച്ച് മാതൃകയായി സഹോദരങ്ങള്‍. 25 ലക്ഷം രൂപയ്ക്ക് തങ്ങളുടെ സ്ഥലം വിറ്റാണ് ഇവര്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ പണം കണ്ടെത്തിയത്. കര്‍ണാടക കോളാര്‍ ജില്ലയിലെ താജാമ്മുല്‍ പാഷ, മുസമ്മില്‍ പാഷ എന്നിവരാണ് തങ്ങളുടെ സ്ഥലം വിറ്റ് പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളുമെത്തിക്കുന്നത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് കോളാറിലുള്ള ദിവസവേതനക്കാരായ തൊഴിലാളികളും കുടുംബങ്ങളും കഷ്ടപ്പെടുന്നത് കണ്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു. അവശ്യവസ്തുക്കള്‍ വിതരണം ചെയ്തതിന് പുറമേ വീടില്ലാത്തവര്‍ക്കും പാവപ്പെട്ടവര്‍ക്കും ഭക്ഷണം നല്‍കുന്നതിനായി തങ്ങളുടെ വീടിന് തൊട്ടടുത്തായി ഒരു ടെന്റ് കെട്ടി സമൂഹ അടുക്കളയും ഈ സഹോദരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
‘ഞങ്ങളുടെ മാതാപിതാക്കള്‍ വളരെ നേരത്തെ മരിച്ചു. തുടര്‍ന്ന് മുത്തശ്ശിയുടെ നാട്ടിലേക്ക് ഞങ്ങളെത്തിയപ്പോള്‍ ഹിന്ദുക്കളും സിഖുകാരും മുസ്ലീങ്ങളും ഞങ്ങളെ സഹായിച്ചു. മതം നോക്കാതെയാണ് അവര്‍ ഞങ്ങള്‍ക്ക് നേരെ സഹായഹസ്തം നീട്ടിയതെന്ന്’ മൂത്ത സഹോദരനായ തജമ്മുല്‍ പാഷ പറയുന്നു.
വാഴകൃഷിയും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുമാണ് ഇവര്‍ക്ക്. മാതാപിതാക്കളെ നഷ്ടപ്പെടുമ്പോള്‍ താജാമ്മുലിന് അഞ്ചുവയസ്സും മുസമ്മിലിന് മൂന്നുവയസ്സുമായിരുന്നു പ്രായം. അങ്ങനെയാണ് മുത്തശ്ശിയുടെ നാടായ കോളാറിലേക്ക് ഇവര്‍ എത്തുന്നത്.
‘ഞങ്ങള്‍ ദാരിദ്യത്തിലാണ് വളര്‍ന്നത്. വിവിധ സമുദായങ്ങളിലും മതത്തിലും ഉള്ളവര്‍ സഹായിച്ചതുകൊണ്ടാണ് മുന്നോട്ടുപോകാന്‍ സാധിച്ചത്. സുഹൃത്താണ് ഞങ്ങളുടെ സ്ഥലം വാങ്ങിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാരണം ഞങ്ങള്‍ സൊസൈറ്റി കരാര്‍ ബോണ്ടില്‍ ഒപ്പിട്ടുനല്‍കിയാണ് സുഹൃത്തിന് സ്ഥലം കൈമാറിയത്. രജിസ്ട്രാര്‍ ഓഫീസ് തുറന്നാല്‍ ഉടന്‍ സ്ഥലം കൈമാറുന്നതിനുളള മറ്റുനടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ഇവര്‍ പറയുന്നു.
മൂവായിരം കുടുംബങ്ങള്‍ക്ക് ഇതിനകം ഇവര്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുകഴിഞ്ഞു. ഇതോടൊപ്പം മാസ്‌കും സാനിറ്റൈസറും ഇവര്‍ വിതരണം ചെയ്യുന്നുണ്ട്.