ബെഗളൂരുവിലും പഞ്ചാബിലും ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ബെംഗളുരു: ബെംഗളൂരുവിലും പഞ്ചാബിലും ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി വിവരം.അമേരിക്കയിലെ ടെക്‌സസില്‍ നിന്ന് ബെംഗളുരുവില്‍ തിരികെയെത്തിയയാള്‍ക്കും ഇറ്റലിയില്‍ നിന്ന് പഞ്ചാബില്‍ മടങ്ങിയെത്തിയയാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗ ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 45 ആയി.

ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ഡല്‍ഹി, കേരളം എന്നിവയാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ച സംസ്ഥാനങ്ങള്‍. ബെംഗളുരുവില്‍ ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും, അവര്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു. അന്താരാഷ്ട്രയാത്രകള്‍ക്ക് ശേഷം തിരികെയെത്തുന്നവരെല്ലാം വിമാനത്താവളങ്ങളില്‍ വിവരമറിയിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

യുഎസ്സിലെ ടെക്‌സസിലെ ഓസ്റ്റിനില്‍ നിന്ന് തിരികെയെത്തിയ നാല്‍പത് വയസ്സുള്ള ടെക്കിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്ന് ദുബായ് വഴി ബെംഗളുരുവില്‍ ഇദ്ദേഹം എത്തിയത് മാര്‍ച്ച് ഒന്നിനാണ്. മാര്‍ച്ച് അഞ്ചിനാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജമ്മു കശ്മീരിലേക്ക് ഇറാനില്‍ നിന്ന് തിരികെയെത്തിയ 63 വയസ്സുകാരിയായ വൃദ്ധയ്ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

Top