ബെംഗളൂരു: സ്വന്തം കാണികള്‍ക്കു മുന്‍പില്‍ മുംബൈ സിറ്റിയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ബെംഗളൂരു. മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്കാണ് മുംബൈയുടെ ജയം. പെനാല്‍റ്റിയിലൂടെയാണ് രണ്ട് ഗോള്‍ നേട്ടം. ജയത്തോടെ പോയിന്റ് പട്ടികയില്‍ മുംബൈ നാലാമതെത്തി. ആറു കളികളില്‍നിന്ന് ഒറ്റക്കളിയും തോല്‍ക്കാതെയാണ് സീസണിലെ മുംബൈയുടെ തേരോട്ടം.
ബെംഗളൂരു താരം റോബിന്‍ യാദവിന്റെ കൈയില്‍ തട്ടിയാണ് ആദ്യ പെനാല്‍റ്റി വന്നത്. കിക്കെടുത്ത ഡിയാസ് ബെംഗളൂരു ഗോളി ഗുര്‍പ്രീതിനെ മറികടന്നു. ആകാശ് മിശ്രയെ ഫൗള്‍ ചെയ്തു വീഴ്ത്തിയതിനായിരുന്നു രണ്ടാമത്തെ പെനാല്‍റ്റി. പകരക്കാരനായെത്തിയ ഛങ്തെ പെനാല്‍റ്റിയെടുക്കുകയും ഗോളാക്കി മാറ്റുകയും ചെയ്തു.
ഇരു പകുതികളിലുമായി രണ്ടു ഗോള്‍ വീതം മുംബൈ നേടി. 11-ാം മിനിറ്റില്‍ അബ്ദുന്നാസര്‍ അല്‍ ഖയാത്തിയാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 30-ാം മിനിറ്റില്‍ ആകാശ് മിശ്രയും ഗോള്‍ നേടി. രണ്ടാം പകുതിയില്‍ ലഭിച്ച രണ്ട് പെനാല്‍റ്റികള്‍ ജോര്‍ഗെ പെരീറ ഡിയാസും (57-ാം മിനിറ്റ്), ലലിയാന്‍സുവാല ഛങ്തെയും (61-ാം മിനിറ്റ്) വലയിലാക്കി. പകരക്കാരനായെത്തിയാണ് ഛങ്തെ പെനാല്‍റ്റി നേടിയത്.