സെല്‍ഫിയെടുക്കുന്നതിനിടെ ഹംപിയിലെ വിജയ വിട്ടള ക്ഷേത്രത്തിലെ തൂണുകള്‍ തകര്‍ത്തു; ഒരാള്‍ അറസ്റ്റില്‍

ബെല്ലാരി: ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഹംപിയിലെ വിജയ വിട്ടള ക്ഷേത്രത്തിലെ തൂണുകള്‍ തകര്‍ത്ത വിനോദ സഞ്ചാരി അറസ്റ്റില്‍.

സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടയിലാണ് 45കാരനായ നാഗരാജ് ക്ഷേത്രത്തിലെ രണ്ട് കല്‍ത്തൂണുകള്‍ താഴെ വീഴ്ത്തിയത്. അബദ്ധത്തില്‍ സംഭവിച്ച പിഴവാണിതെന്നാണ് ഇവരുടെ വിശദീകരണം. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പുരാവസ്തുവകുപ്പിന്റെ ഗാര്‍ഡുമാര്‍ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് സംഘം നാഗരാജിനെ അറസ്റ്റ് ചെയ്തു. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തു.

നാഗരാജിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കെതിരെ കേസെടുത്തിട്ടില്ല. ഹംപിയില്‍ രണ്ട് ദിവസം തുടര്‍ച്ചയായി മഴ പെയ്തതിനാല്‍ ഇവിടെയുള്ള മണ്ണില്‍ ഉറപ്പിച്ച് നിര്‍ത്തിയിരുന്ന കല്‍ത്തൂണുകള്‍ ഇളകിയിരുന്നു. ഫോട്ടോയെടുക്കുന്നതിനിടെ നാഗരാജു ഈ കല്‍ത്തൂണുകളില്‍ ഒന്ന് തള്ളുകയായിരുന്നു. ഈ തൂണ്‍ മറിഞ്ഞ് മറ്റൊരു തൂണില്‍ വീണു, പിന്നാലെ രണ്ടും നിലംപതിക്കുകയായിരുന്നു.

മനപ്പൂര്‍വ്വം ചെയ്ത തെറ്റല്ലെങ്കിലും ചരിത്ര നിര്‍മ്മിതകളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് പൗരന്റെ ഉത്തരവാദിത്തമാണെന്നും ഇതിനാലാണ് കേസെടുത്തതെന്നും ബെല്ലാരി എസ്പി സികെ ബാബ അറിയിച്ചു.

Top