ഗതാഗതനിയമലംഘനത്തിന് സ്‌കൂട്ടര്‍ ഉടമയ്ക്ക് 3.22 ലക്ഷംരൂപ പിഴയിട്ട് ബെംഗളൂരു ട്രാഫിക് പോലീസ്

ബെംഗളൂരു: ഗതാഗതനിയമലംഘനത്തിന് സ്‌കൂട്ടര്‍ ഉടമയ്ക്ക് 3.22 ലക്ഷംരൂപ പിഴയിട്ട് ബെംഗളൂരു ട്രാഫിക് പോലീസ്. 643 നിയമലംഘനങ്ങളിലായാണ് സ്‌കൂട്ടറിന്റെ വിലയേക്കാള്‍ മൂന്നു മടങ്ങിലധികംരൂപ പിഴയായിവന്നത്. ഗംഗാനഗര്‍ സ്വദേശിയായ യുവാവിനാണ് തുക പിഴയിട്ടത്.

ഹെല്‍മെറ്റ് ധരിക്കാത്തതിനാണ് കൂടുതല്‍ കേസുകളും. ആര്‍.ടി. നഗര്‍ പ്രദേശത്തുകൂടി ഒട്ടേറെത്തവണ ഹെല്‍മെറ്റില്ലാതെ യുവാവ് യാത്രചെയ്യുന്നത് ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളില്‍നിന്ന് വ്യക്തമാണ്. നഗരത്തില്‍ എ.ഐ. ക്യാമറകള്‍ ഉപയോഗിച്ചാണ് ഗതാഗത നിയമലംഘനം പരിശോധിക്കുന്നത്.2022-ല്‍ 1.04 കോടി ലംഘന കേസുകളില്‍ 96.2 ലക്ഷം കേസുകളും എ.ഐ. ക്യാമറകള്‍ ഉപയോഗിച്ച് കണ്ടെത്തിയതായിരുന്നു. 50 പ്രധാന ജങ്ഷനുകളിലായി 250 എ.ഐ. ക്യാമറകളും 80 ആര്‍.എല്‍.വി.ഡി. ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പല ആളുകളും ഈ സ്‌കൂട്ടറില്‍ യാത്രചെയ്ത് ഗതാഗത നിയമലംഘനം നടത്തിയതായി ട്രാഫിക് പോലീസ് പറയുന്നു. നഗരത്തിലെ നിര്‍മിതബുദ്ധി ക്യാമറകള്‍ ഉപയോഗിച്ചെടുത്ത കേസുകളാണ് കൂടുതലും.

Top