ബെംഗളൂരു: റോഡിലെ സുരക്ഷയുറപ്പാക്കാന്‍ നിര്‍മിത ബുദ്ധി അധിഷ്ഠിതമായ സാങ്കേതിക വിദ്യകളുമായി ബെംഗളൂരു ട്രാഫിക് പോലീസ്. റോഡിലെ തിരക്കറിയാനും അപകടങ്ങളെക്കുറിച്ചുള്ള തത്സമയവിവരം ലഭിക്കാനും ‘അസ്ത്രം’ എന്ന ആപ്പാണ് പോലീസ് ആദ്യഘട്ടത്തില്‍ വികസിപ്പിച്ചിരിക്കുന്നത്. ഇതിനുപിന്നാലെ നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കാനുള്ള പ്രവൃത്തിയും പുരോഗമിക്കുകയാണ്.
ട്രാഫിക് ജങ്ഷനില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് ഒരോ 15 മിനിറ്റ് ഇടവേളയിലും എവിടെയൊക്കെയാണ് വാഹനങ്ങളുടെ എണ്ണം കൂടുതലുള്ളതെന്നും ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതെന്നുമുള്‍പ്പെടെയുള്ള സന്ദേശം ലഭിക്കും. ഇതോടെ ആവശ്യമായ മുന്നൊരുക്കം സ്വീകരിക്കാന്‍ പോലീസുകാര്‍ക്ക് കഴിയും. എവിടെയെങ്കിലും അപകടം നടന്നാലും സമാനമായ രീതിയില്‍ പോലീസുകാര്‍ക്ക് ഉടന്‍ സന്ദേശം ലഭിക്കും.
നിര്‍മിതബുദ്ധി അധിഷ്ഠിതമായ ട്രാഫിക് സിഗ്നല്‍ സംവിധാനം കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ നഗരത്തിലെ ഗതാഗതം കൂടുതല്‍ സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനങ്ങളുടെ എണ്ണമനുസരിച്ച് സിഗ്നലിന്റെ സമയം സ്വയം ക്രമീകരിക്കുന്ന സംവിധാനം ഇത്തരം ട്രാഫിക് സിഗ്നലിലുണ്ടാകും.ആംബുലന്‍സുകള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ഈ ആപ്പിലുണ്ട്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നേരത്തേ ട്രാഫിക് പോലീസ് സ്ഥാപിച്ച ക്യാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങള്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്താണ് ഇത്തരം വിവരങ്ങളുടെ കൈമാറ്റം സാധ്യമാകുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഈ ആപ്പില്‍ ഉള്‍പ്പെടുത്താനാണ് ട്രാഫിക് പോലീസിന്റെ തീരുമാനം.