കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്, ബംഗ്ലാദേശ് പൗരന് മരണംവരെ തടവ്

കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എഴുപത്തിരണ്ടുകാരിയായ കന്യാസ്ത്രീയെ കോണ്‍വന്റില്‍ കയറി മാനഭംഗപ്പെടുത്തിയ കേസില്‍ ബംഗ്ലാദേശ് പൗരന് മരണംവരെ തടവ്.

ആറു പ്രതികളില്‍ നസ്റുള്‍ ഇസ്ലാം എന്ന നജുവിനെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കുങ്കും സിന്‍ഹ മരണംവരെ തടവിനു വിധിച്ചത്. നജുവിനെ ഇതേവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

മറ്റു പ്രതികള്‍ക്കെതിരേയുള്ള കൂട്ടമാനഭംഗ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. ഇവര്‍ക്കെതിരായ ഗൂഡാലോചനാക്കുറ്റം ശരിവച്ച കോടതി നാലു പ്രതികളെ പത്തുവര്‍ഷം തടവിനു വിധിച്ചു. ഒരു പ്രതിക്ക് ഏഴുവര്‍ഷം തടവും വിധിച്ചു.

2015 മാര്‍ച്ച് 14-നു നാദിയ ജില്ലയിലെ റാണാഘട്ട് പട്ടണത്തിലാണു സംഭവം. ജീസസ് ആന്‍ഡ് മേരി കോണ്‍വന്റിലേക്ക് അതിക്രമിച്ചു കയറിയ സംഘം 12 ലക്ഷം രൂപ അപഹരിക്കുകയും വയോധികയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തുകയും ചെയ്തു. മോഷ്ടാക്കളെ തടയാന്‍ ശ്രമിച്ച കന്യാസ്ത്രീയാണു മാനഭംഗത്തിനിരയായത്.

നസ്റുള്‍ ഇസ്ലാം എന്നയാളാണു കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയത്. മറ്റു പ്രതികളായ മിലന്‍ കുമാര്‍ സര്‍ക്കാര്‍, ഒഹിദുല്‍ ഇസ്ലാം, മുഹമ്മദ് സലിം ഷേക്ക്, ഖാലേദര്‍ റഹ്മാന്‍, ഗോപാല്‍ സര്‍ക്കാര്‍ എന്നിവര്‍ക്കെതിരേ കൂട്ടമാനഭംഗം, കവര്‍ച്ച, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ഇതില്‍ ഗോപാല്‍ സര്‍ക്കാര്‍ ഒഴികെയുള്ളവര്‍ ബംഗ്ലാദേശ് പൗരന്മാരാണ്.

Top