ടെല്‍അവീവ്: അസാധാരണ നീക്കത്തിലൂടെ ശബത്ത് ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ‘എല്ലാവര്‍ക്കും അറിയുന്നത് പോലെ നമ്മള്‍ മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. നമ്മള്‍ സിംഹങ്ങളെപ്പോലെ പോരാടുകയാണ്. നമ്മുടെ ശത്രുക്കളുടെ ക്രൂരത നമ്മള്‍ ഒരിക്കലും മറക്കില്ല. നമ്മള്‍ ഒരിക്കലും ക്ഷമിക്കില്ല. അനേക ദശകങ്ങളായി യഹൂദ ജനതയോട് ആരും ചെയ്യാത്ത ഈ ക്രൂരതകള്‍ ഒരിക്കലും മറക്കാന്‍ ലോകത്തെയോ ആരെയും ഞങ്ങള്‍ അനുവദിക്കില്ല. നമ്മള്‍ ഹമാസിനെ തകര്‍ക്കും, നമ്മള്‍ വിജയിക്കും. അതിന് സമയം എടുക്കും. പക്ഷെ യുദ്ധത്തിന്റെ മുമ്പില്ലാത്ത വിധം ശക്തരായി നമ്മള്‍ യുദ്ധം അവസാനിപ്പിക്കും’ ഷബത്ത് ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ നെതന്യാഹു വ്യക്തമാക്കി.
ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് സൈനികന്‍ നാച്ച്‌ഷോണ്‍ വാച്ച്‌സ്മാനെ തട്ടിക്കൊണ്ട് പോയതിനെ തുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനം പരാജയപ്പെട്ടതായി പ്രധാനമന്ത്രി ഇസ്ഹാക് റാബിന്‍ 1994ല്‍ പ്രഖ്യാപിച്ചതിന് ശേഷം ഒരു പ്രധാനമന്ത്രിയും ജൂതരുടെ വിശ്രമദിനമായ ശബത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തിട്ടില്ല.ഇതിനിടെ പ്രസംഗത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലും നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നുണ്ട്. ജനങ്ങളുമായി നെതന്യാഹുവിന് ബന്ധമില്ലെന്നതിന് മറ്റൊരു ഉദാഹരണമാണ് ഇതെന്നും, ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നുമൊക്കെയുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ഇതിനിടെ നെതന്യാഹുവിന്റെ പ്രസംഗത്തെ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് വിമര്‍ശിച്ചു. ‘അടിയന്തരാവസ്ഥയില്‍ രാജ്യം മുഴുവന്‍ കാത്തിരിക്കുമ്പോള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ഒരു രാജ്യത്തെ മുഴുവന്‍ പരിഭ്രാന്തിയുടെ കൊടുങ്കാറ്റിലേക്ക് അയച്ചത് അംഗീകരിക്കാനാവില്ല’ എന്നായിരുന്നു ലാപിഡിന്റെ വിമര്‍ശനം. തട്ടിക്കൊണ്ടുപോയവരുടെ കുടുംബങ്ങളെക്കുറിച്ചോ, വടക്കന്‍ മുന്നണിയെക്കുറിച്ചോ, അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള താമസക്കാരെ ഒഴിപ്പിക്കുന്നതിനെക്കുറിച്ചോ നെതന്യാഹു പ്രസംഗത്തില്‍ പരാമര്‍ശിക്കാത്തതിനെക്കുറിച്ചായിരുന്നു ലാപിഡിന്റെ വിമര്‍ശനം. രാജ്യത്തെയും ജനങ്ങളെയും പുതിയ വിവരങ്ങള്‍ അറിയിക്കാനില്ലെങ്കില്‍ അത്തരം പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്നും ലാപിഡ് കൂട്ടിച്ചേര്‍ത്തു.