ജെറുസലേം: മുസ്ലീം പള്ളികളില്‍ നിന്നുയരുന്ന ബാങ്ക് വിളിയുടെ ശബ്ദം അസ്വസ്ഥത ഉണ്ടാക്കുന്നെന്ന് ജനങ്ങള്‍ പരാതിപ്പെട്ടതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു.
ബാങ്ക് വിളി ഇസ്രായേലിന്റെ ആഭ്യന്തര നിയമങ്ങള്‍ ലംഘിക്കുകയാണെന്നും നെതന്യാഹു ക്യാബിനറ്റ് യോഗത്തില്‍ പറഞ്ഞു. ബാങ്ക് വിളിയുടെ ശബ്ദം കുറയ്ക്കുകയോ പൂര്‍ണമായും ഇല്ലാതാക്കുകയോ ചെയ്യണമെന്ന ചര്‍ച്ചയും ക്യാബിനറ്റ് യോഗത്തില്‍ നടന്നു.
അഞ്ച് നേരത്തേ ബാങ്ക് വിളികള്‍ക്കും മൈക്ക് ഉപയോഗിക്കരുതെന്ന നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. അയല്‍ രാജ്യങ്ങളായ അറബ് രാജ്യങ്ങളില്‍ ബഹുഭാര്യാത്വവും ബാങ്ക് വിളിയും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയമങ്ങള്‍ പാലിക്കാറില്ലെന്നാണ് നെതന്യാഹുവിന്റെ വാദം.
ലൗഡ് സ്പീക്കറുകളിലൂടെ ശബ്ദമുണ്ടാക്കി ജനങ്ങളെ പ്രയാസപ്പെടുത്തുന്ന ഒരു മതവുമില്ല. എല്ലാ മതസ്ഥരും ശബ്ദമലിനീകരണം ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പാക്കുമെന്നും നെതന്യാഹു പറഞ്ഞു.
എത്ര തവണയാണ് ഇത്തരത്തില്‍ ബാങ്ക് വിളിക്കുന്നതെന്ന് അറിയില്ല. ഇസ്രായേലിലെ എല്ലാ സമുദായത്തിലേയും ജനങ്ങള്‍ ഇതില്‍ പരാതിയുമായി തന്നെ സമീപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കേണ്ടത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.