ഗാസയിലെ സംഘര്‍ഷം അവസാനിച്ചാല്‍ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന അമേരിക്കയുടെ നിര്‍ദേശത്തെ പരസ്യമായി തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍. ഹമാസിന്റെ സര്‍വനാശം കാണുകയും ശേഷിക്കുന്ന ഇസ്രയേലി ബന്ദികളെ തിരികെ കൊണ്ടുവരികയും ചെയ്യുമെന്നും വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നെതന്യാഹു പറഞ്ഞു.
കാല്‍ ലക്ഷത്തോളം പലസ്തീന്‍ മനുഷ്യരുടെ മരണത്തിന് ഇടയാക്കിയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് നെതന്യാഹുവിന്റെ തിരിഞ്ഞുനടത്തം. അമേരിക്ക ഉള്‍പ്പെടെയുള്ള ഇസ്രയേലിന്റെ സഖ്യകക്ഷികള്‍ ദീര്‍ഘകാലമായി ‘ദ്വി-രാഷ്ട്ര പരിഹാരം’ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. അടുത്തിടെ പശ്ചിമേഷ്യ സന്ദര്‍ശിച്ച യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പരിഹാര നടപടിയെക്കുറിച്ച് നെതന്യാഹുവിനോട് സംസാരിച്ചിരുന്നു. പലസ്തീന്‍ രാഷ്ട്രത്തിന്റെ സ്ഥാപനത്തിലൂടെ മാത്രമേ ഇരുജനതയ്ക്കും സുരക്ഷതിമയൊരു ജീവിത സാഹചര്യം കൈവരൂ എന്നും ബ്ലിങ്കന്‍ ഓര്‍മിപ്പിച്ചിരുന്നു. എന്നാല്‍ നയതന്ത്ര ചര്‍ച്ചകളെയെല്ലാം വിഫലമാക്കുന്ന രീതിയിലാണ് നെതന്യാഹുവിന്റെ വ്യാഴാഴ്ചത്തെ പ്രസ്താവന.
‘പൂര്‍ണ വിജയം ഉണ്ടാകും വരെ ആക്രമണം അവസാനിപ്പിക്കില്ലെന്നും അതിന് നിരവധി മാസങ്ങള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് വേണ്ടി അമേരിക്ക ഉള്‍പ്പെടെ ശ്രമിക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രസ്താവന. ഇസ്രയേലിന്റെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്ന അമേരിക്കയുമായി വര്‍ധിച്ചുവരുന്ന അഭിപ്രായ വ്യത്യാസങ്ങളുടെ ഒടുവിലത്തെ സംഭവമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.