ഹമാസ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ കരാറിനുള്ള നിര്‍ദേശങ്ങള്‍ തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇന്റലിജിന്‍സ് മേധാവികളുമായി നടന്ന ചര്‍ച്ചയില്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു കഴിഞ്ഞ ദിവസം ഹമാസ് തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചത്. 135 ദിവസം നീണ്ട മൂന്നുഘട്ടമായുള്ള വെടിനിര്‍ത്തല്‍ പദ്ധതിയായിരുന്നു ഹാമസിന്റേത്. ഇത് നിരസിച്ചതോടെ മേഖലയില്‍ സമാധാനം കൊണ്ടുവരാനുള്ള നീക്കത്തിന് കൂടിയാണ് തിരിച്ചടിയാകുന്നത്.
പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള വ്യക്തവും വിശ്വസനീയവുമായ സമയബന്ധിതമായ നടപടികള്‍ ഉറപ്പുനല്‍കുകയാണെങ്കില്‍ ഇസ്രയേലുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ തയാറാണെന്ന് സൗദി അറേബ്യാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പലസ്തീന്‍ രാഷ്ട്രമെന്ന ആശയത്തിനെതിരാണ് നെതന്യാഹു. ഇതുവരെയുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ ഏകദേശം 27,000ത്തിലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്.ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി 135 ദിവസത്തെ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന വ്യവസ്ഥകള്‍ ഹമാസിന്റെ വ്യാമോഹമാണെന്നാണ് നെതന്യാഹു പ്രസ്താവിച്ചത്. ഇത് മറ്റൊരു കൂട്ടക്കൊലയിലേക്കാകും നയിക്കുക എന്നും ഇസ്രയേലി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഹമാസ് ബന്ദികളാക്കിയ കുടുംബാംഗങ്ങള്‍ക്കായി നിരന്തരം സമരം ചെയ്യുന്ന ഇസ്രയേലികള്‍ക്കും കൂടിയുള്ള ഒരു തിരിച്ചടിയാണിത്.
അമേരിക്കയുടെ സമാധാന ശ്രമങ്ങളെയും അതിന്റെ ഭാഗമായുള്ള സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ യാത്രയേയുമെല്ലാം നിരര്‍ത്ഥകമാക്കുന്ന നിലപാടാണ് നെതന്യാഹു വീണ്ടും സ്വീകരിക്കുന്നത്. ജയം അരികെയുണ്ടെന്നും ഹമാസിനെ പരാജയപ്പെടുത്താന്‍ കുറച്ച് മാസങ്ങള്‍ കൂടി പോരാട്ടം തുടരേണ്ടി വരുമെന്നും നെതന്യാഹു ആവര്‍ത്തിച്ചു. ഒക്ടോബര്‍ ഏഴിന് ശേഷം ആന്റണി ബ്ലിങ്കന്‍ മേഖലയിലേക്ക് നടത്തുന്ന അഞ്ചാം സന്ദര്‍ശനമാണിത്. ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തന്നെയാണ് ഹമാസിന്റെ നിര്‍ദേശം നിരസിച്ച കാര്യം ബ്ലിങ്കനെ അറിയിച്ചത്.ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഹമാസിന് മേല്‍ സമ്പൂര്‍ണ വിജയം നേടുകയല്ലാതെ മറ്റ് വഴികളില്ല എന്നാണ് നെതന്യാഹുവിന്റെ വാദം. ഈജിപ്തില്‍നിന്ന് സഹായമെത്തുന്ന തെക്കന്‍ ഗാസയിലെ അതിര്‍ത്തി ഉള്‍പ്പെടുന്ന റഫാ അതിര്‍ത്തിയില്‍ ആക്രമണം ആരംഭിക്കാന്‍ ഇസ്രയേലി സൈന്യത്തിന് നിര്‍ദേശം കൊടുത്തതായും വ്യാഴാഴ്ച നെതന്യാഹു പറഞ്ഞു. ഗാസയുടെ മറ്റ് ഭാഗങ്ങളില്‍നിന്ന് കുടിയൊഴിഞ്ഞെത്തിയ ലക്ഷക്കണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ് റഫാ.