ഇസ്രയേൽ കരയുദ്ധത്തിന് തയാറെക്കുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ടെലിവിഷൻ പ്രസംഗത്തിനിടെയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ പരാമർശം.
ഇസ്രയേലിന്റേത് നിലനിൽപ്പിന് വേണ്ടിയുള്ള യുദ്ധമെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അതേസമയം ഇസ്രയേൽ ആക്രമണത്തിൽ 6,500 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ ലെബനൻ അതിർത്തിയിലും ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച രാത്രി ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ ജസീറ ഗാസ ബ്യൂറോ ചീഫിന്റെ കുടുംബം കൊല്ലപ്പെട്ടു. സംഭവത്തെക്കുറിച്ച് ഇസ്രായേൽ സൈന്യത്തിൽ നിന്ന് ഇതുവരെയും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അൽ ജസീറ ഗാസ ബ്യൂറോ ചീഫ് വെയ്ൽ അൽ ദഹ്ദൂഹിന്റെഭാര്യയും മകളും മകനുമാണ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഗാസയിലെ വെടിനിർത്തൽ നിർദേശം അമേരിക്ക തള്ളിക്കളഞ്ഞിരുന്നു. വെടിനിർത്തൽ പ്രഖ്യാപിക്കുന്ന നീക്കം ഹമാസിനെ സഹായിക്കുമെന്നാണ് യുഎസ് നിലപാട്. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിൽ നടത്തിയ തുറന്ന സംവാദത്തിലാണ് യുഎസ് നിലപാട് വ്യക്തമാക്കിയത്.അതേസമയം ഗാസയിൽ ഇന്ന് ഇന്ധനം ഇന്ന് തീരുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ്. ഇന്ധനക്ഷാമം കാരണം ആശുപത്രികൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.