ഗാസ : ഗാസയിൽ ഹമാസിനെ ഉന്മൂലനം ചെയ്യാതെ യുദ്ധം നിർത്തില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിച്ചു. തൊട്ടുപിന്നാലെ മധ്യ ഗാസയിൽ ഇസ്രയേൽ സേന ഷെല്ലാക്രമണം ശക്തമാക്കി. തെക്കും വടക്കും പൂർണനിയന്ത്രണത്തിലാക്കിയ ശേഷമാണ് ഇസ്രയേൽ സൈന്യം മധ്യ ഗാസയിലേക്കു തിരിയുന്നത്. 1948 ലെ യുദ്ധത്തിനു ശേഷം ഇസ്രയേൽ ആട്ടിപ്പായിച്ച പലസ്തീൻകാർ അഭയം തേടിയ നുസേറത്ത്, മഗസി, ബുറേജ് പട്ടണങ്ങൾ മധ്യ ഗാസയിലാണ്.
തിങ്കളാഴ്ച നെതന്യാഹു വടക്കൻ ഗാസയിൽ ഇസ്രയേൽ സൈനികരെ സന്ദർശിച്ചു. വെടിനിർത്തലിനൊരുങ്ങുകയാണെന്ന വാർത്തകൾ തെറ്റാണെന്ന് സ്വന്തം പാർട്ടിയായ ലിക്കുഡിന്റെ പാർലമെന്റംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ അദ്ദേഹം പറഞ്ഞു. ഹമാസിന്റെ അവസാനം കാണാതെ യുദ്ധം നിർത്തില്ലെന്ന് വോൾസ്ട്രീറ്റ് ജേണൽ പത്രത്തിലെഴുതിയ ലേഖനത്തിലും അദ്ദേഹം വ്യക്തമാക്കി.
തെക്കൻ ഗാസയിൽ ഹമാസിന്റെ തുരങ്കശൃംഖലകൾ ഉൾപ്പെട്ടെ നൂറോളം ഇടങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സേന അറിയിച്ചു. നാസർ ആശുപത്രി പരിസരത്ത് 2 തവണയുണ്ടായ ആക്രമണങ്ങളിൽ 10 പേർ കൊല്ലപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 241 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. 382 പേർക്കു പരുക്കേറ്റു. യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 20,915 പലസ്തീൻകാർ കൊല്ലപ്പെട്ടു. 54,918 പേർക്കു പരുക്കേറ്റു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള അൽ അമാലിൽ പലസ്തീനിയൻ റെഡ് ക്രെസന്റ് സൊസൈറ്റിയുടെ ആസ്ഥാനം ഇസ്രയേൽ ആക്രമണത്തിൽ തകർന്നു. പലസ്തീനിലെ പ്രമുഖ ഇടതുനേതാവ് ഖാലിദ ജറാറിനെ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേന അറസ്റ്റ് ചെയ്തു. വെസ്റ്റ് ബാങ്കിൽ 2 യുവാക്കൾ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു.
ഇതിനിടെ, ഹമാസിന്റെ തടവിലുള്ള 5 ബന്ദികൾ കൊല്ലപ്പെട്ടതായി ഇസ്രയേൽ ആരോപിച്ചു. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അറിയിച്ച സൈന്യം ഗാസ സിറ്റിയിലെ ഹമാസ് തുരങ്കത്തിന്റെ വിഡിയോ പുറത്തുവിട്ടു. ഇവിടെനിന്നാണു 3 മൃതദേഹങ്ങൾ തിങ്കളാഴ്ച കണ്ടെത്തിയത്. 2 മൃതദേഹങ്ങൾ ഈ മാസമാദ്യം കണ്ടെത്തിയിരുന്നു.