ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പിന്തുണ കുറയുന്നു ; പ്രധാനമന്ത്രി സ്ഥാനത്ത് തുടരണമെന്നാഗ്രഹം 15 ശതമാനം ഇസ്രയേലികള്‍ മാത്രം

ഗാസ അധിനിവേശത്തിനുശേഷം ബെഞ്ചമിന്‍ നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്ത് തുടരണമെന്ന് ആഗ്രഹിക്കുന്നത് 15 ശതമാനം ഇസ്രയേലികള്‍ മാത്രം. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു വോട്ടെടുപ്പിലാണ് നെതന്യാഹുവിന്റെ പിന്തുണ ഇല്ലാതാകുന്നതായി വ്യക്തമാക്കുന്നത്. എന്നാല്‍ പലസ്തീനിലെ സായുധ സംഘടനയായ ഹമാസിനെ ഇല്ലാതാക്കാനുള്ള നെതന്യാഹുവിന്റെ തന്ത്രങ്ങളെ വലിയൊരു വിഭാഗം പിന്തുണയ്ക്കുന്നുണ്ട്. ഇസ്രയേല്‍ ഡെമോക്രസി ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇത് സംബന്ധിച്ച് വോട്ടെടുപ്പുകള്‍ നടത്തിയത്.

അമേരിക്കയുടെ സ്വാധീനത്തില്‍ ആക്രമണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ ഇസ്രയേല്‍ സൈന്യം തയാറാകണോ എന്ന ചോദ്യത്തിന് മൂന്നില്‍ രണ്ട് പേരും വേണ്ട എന്നാണ് ഉത്തരം നല്‍കിയത്. ഗാസയില്‍നിന്ന് കുറച്ച് സൈന്യത്തെ പിന്‍വലിക്കുമെന്ന് ഈയാഴ്ച ഇസ്രയേല്‍ സൈന്യം പ്രഖ്യാപിച്ചിരുന്നു.ഡിസംബര്‍ 25 മുതല്‍ 28 വരെ 746 പേര്‍ക്കിടയിലാണ് വോട്ടെടുപ്പ് നടത്തിയതെന്ന് ഐഡിഐ അറിയിച്ചു. ഡിസംബറില്‍ നടന്ന മുന്‍ ഐഡിഐ വോട്ടെടുപ്പ് പ്രകാരം 69% ഇസ്രയേലികളും യുദ്ധം അവസാനിച്ചാലുടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് കരുതുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള ഇസ്രയേലി ജനതയുടെ വികാരം മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വേ നടത്തിയത്. ബന്ദികളെ വീണ്ടെടുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സൈനിക ആക്രമണം തുടരുകയാണെന്നാണ് 56ശതമാനം അഭിപ്രായപ്പെട്ടത്. അതേസമയം ഇസ്രയേല്‍ ജയിലുകളില്‍നിന്ന് ആയിരക്കണക്കിന് പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതുള്‍പ്പെടെയുള്ള കൈമാറ്റ ഇടപാടുകള്‍ മികച്ച നീക്കങ്ങളാണെന്ന് 24ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

Top