Benni Behannan and Thampanoor Ravi are my Godfather;Saritha

കൊച്ചി: സോളാര്‍ കമ്മീഷനുമുന്നില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ തിങ്കളാഴ്ച നടത്തുമെന്ന് സരിത എസ് നായര്‍. ചാണ്ടി ഉമ്മനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പേരില്‍ കേസുണ്ടായാല്‍ തെളിവുകള്‍ ഹാജരാക്കി നേരിടുമെന്ന് അവര്‍ പറഞ്ഞു.

രണ്ടു വര്‍ഷത്തിലധികമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അടുത്തറിയാം. വാങ്ങിയ പണം തിരികെ തരാമെന്നും കേസില്‍ നിന്നും രക്ഷിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.വക്കീല്‍ ഫീസായി തമ്പാനൂര്‍ രവി ഫെനി ബാലകൃഷ്ണന് അഞ്ച് ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രിക്കു വേണ്ടിയായിരുന്നു ഇത്.തമ്പാനൂര്‍ രവിയും ബെന്നി ബെഹന്നാനുമാണ് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താനും പറയാനുള്ള കാര്യങ്ങളും നിര്‍ദ്ദേശിച്ചിരുന്നത്. ഇവരാണ് തന്റെ ഗോഡ്ഫാദര്‍മാരെന്നും സരിത വ്യക്തമാക്കി.

പണം തിരികെച്ചോദിച്ച് രണ്ടാഴ്ചമുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിളിച്ചിരുന്നുവെന്ന് അവര്‍ അവകാശപ്പെട്ടു. തമ്പാനൂര്‍ രവിയെ വിളിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചുവെന്നും സരിത പറഞ്ഞു.

കോഴ കൊടുത്തത് നിക്ഷേപകരുടെ പണമാണ്. കേസുണ്ടാകില്ലെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു.എന്നിട്ടും അറസ്റ്റുണ്ടായി. തന്റെ ബന്ധുക്കളാണ് കേസ് തീര്‍ക്കാന്‍ സഹായിച്ചത്. അവരില്‍ പലരും വിദേശത്താണ്. വളരെക്കാലം മുമ്പുമുതലേ ഉള്ള സുഹൃത്തുക്കളും പണം നല്‍കി.

വളരെ തരംതാണ ഒരു സ്ത്രീയേക്കാള്‍ മോശമായാണ് തന്നെ ചിത്രീകരിക്കുന്നത്. കേസുകള്‍ തീര്‍ക്കുക എന്നതുമാത്രമായിരുന്നു തന്റെ ആവശ്യം.

എല്ലാം തുറന്നുപറഞ്ഞാല്‍ കേരളം നടുങ്ങുമെന്നു പറഞ്ഞതു സഹികെട്ടാണ്. തനിക്കു തരാനുള്ള പണം തരാതായപ്പോഴാണ് അങ്ങനെ പറയേണ്ടിവന്നത്. അബ്ദുള്ളക്കെട്ടിക്കെതിരേ തനിക്കു പരാതിയുണ്ടെന്നു പറഞ്ഞത് തമ്പാനൂര്‍ രവിയോടും ബെന്നി ബെഹന്നാനോടും മാത്രമാണ്. അബ്ദുള്ളക്കുട്ടിക്കെതിരേ കേസ് കൊടുത്തത് തമ്പാനൂര്‍ രവിയും ബെന്നി ബെഹന്നാനും പറഞ്ഞിട്ടാണ്. ഇതോടെയാണ് തന്റെ മുഖം ചീത്തയായത്. അതൊരു ഗൂഢാലോചനയായിരുന്നുവെന്നും സരിത പറഞ്ഞു.

Top