കൊച്ചി:മന്ത്രി കെ.ടി.ജലീലിനെതിരെ വിമര്‍ശനവുമായി യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. അദാലത്തുമായി ബന്ധപ്പെട്ട് മന്ത്രിനിരത്തിയ ഓരോ വാദങ്ങളും സത്യവിരുദ്ധമാണ്. മന്ത്രിയുടെ ഓരോ കാര്യങ്ങളും കുരുക്ക് അഴിക്കുകയല്ല, പകരം കൂടുതല്‍ കുരുക്കിലേക്കാണ് പോകുന്നത്. മന്ത്രിയുടെ വിശദീകരണങ്ങള്‍ കൂടുതല്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തട്ടിപ്പ് നടത്താന്‍ കൂട്ടുനിന്ന സിന്‍ഡിക്കേറ്റ് മെമ്പറെ അടിയന്തിരമായി പുറത്താക്കി അന്വേഷണം നടത്തുകയും യൂണിവേഴ്‌സിറ്റി പരീക്ഷയുടെ വിശ്വസ്തത മന്ത്രി കാത്ത്‌സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല അദ്ദേഹത്തിനെതിരേ ആരോപണം ഉന്നയിച്ചത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അസൂയാവഹമായ മാറ്റം വന്നതുകൊണ്ടാണെന്ന് മന്ത്രി പറയുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ഥിയെ അധ്യാപകന്‍ കോപ്പിയടിക്കാന്‍ സഹായിച്ചു എന്നതാണോ അസൂയാവഹമായ മാറ്റം.പി.എസ്.സി.പരീക്ഷയില്‍ ക്രമക്കേട് നടക്കുന്നു, ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ ക്രമക്കേട്,ഇതൊക്കെയാണോ മന്ത്രി ഉദ്ദേശിച്ച ആസൂയാവഹമായ മാറ്റമെന്നും അദ്ദേഹം പരിഹസിച്ചു.
ഒരു യൂണിവേഴ്സിറ്റികളിലും ഇന്നുവരേയും നടന്നതായി കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. യൂണിവേഴ്സിറ്റി നിയമങ്ങള്‍ അനുസരിച്ച്പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് ശേഷം സിന്‍ഡിക്കേറ്റിനോ, അക്കാദമിക് കൗണ്‍സിലിനോ, ചാന്‍സിലര്‍ക്കോ മാര്‍ക്ക്കൂട്ടിനല്‍കാന്‍ അവകാശമില്ല. മോഡറേഷനിലോ പുനഃപരിശോധനിലോ അല്ലാതെ കുട്ടിക്ക് മാര്‍ക്ക് കൂട്ടി നല്‍കാന്‍ അനുവാദം ഇല്ല. എന്നാല്‍ മന്ത്രി മാനുഷിക പരിഗണനയെന്ന് പറഞ്ഞ് ചെയ്ത തെറ്റുകളെ ന്യായീകരിക്കുകയാണ് ചെയുന്നതെന്നും അദ്ദേഹംകുറ്റപ്പെടുത്തി.