തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയവരുടെ നടപടി തെറ്റെന്ന് ബെന്നി ബഹനാന്‍ എം.പി. നേതാക്കള്‍ പാര്‍ട്ടി വിടാനുള്ള കാരണങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. നേതൃത്വം എന്നത് ഒന്നോ രണ്ടോ വ്യക്തികളല്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്ക് ഒരു ഘടനയുണ്ട്. ആ ബോഡി ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണം. പാര്‍ട്ടി വിട്ടു പോകുന്നവര്‍ ഉന്നയിക്കുന്ന ചില കാര്യങ്ങളുണ്ട്. അത് പരിശോധിക്കണം. പാര്‍ട്ടി വിട്ടു പോകുന്നവരെ പിടിച്ചു നിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നും ബെന്നി ബഹനാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആര് കോണ്‍ഗ്രസ് വിട്ട് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് പോയിട്ടും കോണ്‍ഗ്രസ് ഉയര്‍ന്നുവന്നു. കെ കരുണാകരനെ പോലെ വലിയവരല്ല പാര്‍ട്ടി വിട്ടവരാരും. അര്‍ഹിക്കാത്തവര്‍ക്ക് അംഗീകാരം കൊടുക്കരുതെന്ന പാഠമാണിത്. ഒരു പാര്‍ട്ടി എന്നതിനപ്പുറത്ത് ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ് മാറരുതെന്നും സതീശന്‍ കുറ്റപ്പെടുത്തി.