ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പാര്‍ട്ടി പിളര്‍ത്തുമെന്ന ഭീഷണിയെ തുടര്‍ന്ന് ആരോപണവിധേയര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയ ഹൈക്കമാന്റ് മലക്കം മറിഞ്ഞത് മുന്നറിയിപ്പോടെ.
സരിത എസ് നായര്‍ ജയിലില്‍ നിന്നെഴുതിയ കത്ത് പുറത്താവുകയും അതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതരമായ ആരോപണമുയരുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈക്കമാന്റ് പക വീട്ടിയത്.
ആരോപണവിധേയരായ ഒരു മന്ത്രിയെ പോലും മാറ്റാന്‍ കഴിയില്ലെന്ന് വാശിപിടിച്ച് രാഹുല്‍ ഗാന്ധി മന്ത്രി കെസി ജോസഫിന് പകരക്കാരനായി നിര്‍ദ്ദേശിച്ച സജീവനെ പോലും അംഗീകരിക്കാതിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വലംകൈ ആയ ബെന്നി ബഹന്നാനെയാണ് ഹൈക്കമാന്റ് വെട്ടിനിരത്തിയത്.
ആരോപണത്തിലൂടെ പ്രതിരോധത്തിലാ മുഖ്യമന്ത്രിക്ക് ബെന്നി ബഹന്നാന്റെ കാര്യത്തില്‍ വാശി പിടിച്ചാല്‍ സുധീരനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന ഹൈക്കമാന്റ് മുന്നറിയിപ്പ് നല്‍കിയതോടെ പത്തി താഴ്ത്തുകയായിരുന്നു.
ഇതോടെ ഹൈക്കമാന്റ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് വരുന്നതിന് മുന്‍പ് ബെന്നി ബഹന്നാന്‍ തന്നെ വാര്‍ത്താ സമ്മേളനം വിളിച്ച് സ്വയം പിന്മാറുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
കെപിസിസി പ്രസിഡന്റിന് താല്‍പര്യമില്ലാത്തതിനാല്‍ മത്സരിക്കാനില്ലെന്നാണ് ബെന്നി ബഹന്നാന്‍ പറഞ്ഞത്. തൃക്കാക്കരയില്‍ മറ്റ് പേരുകള്‍ സുധീരന്‍ ചൂണ്ടിക്കാണിച്ചത് പരാമര്‍ശിച്ചായിരുന്നു പ്രതികരണം.
ഹൈക്കമാന്റിനെ വരുതിയിലാക്കി മടങ്ങിയെത്തിയ ഉമ്മന്‍ ചാണ്ടിയുടെ ചിറകരിയുക വഴി തിരഞ്ഞെടുപ്പിന് ശേഷം എന്തായിരിക്കും നിലപാടെന്ന വ്യക്തമായ സൂചനയും ഹൈക്കമാന്റ് നല്‍കുന്നുണ്ട്.
യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ മുന്‍പ് എകെ ആന്റണി തിരൂരങ്ങാടിയില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട് മുഖ്യമന്ത്രിയായ പോലെ സുധീരനെ ഹൈക്കമാന്റ് അവരോധിക്കാനുള്ള സാധ്യതയും ഇനി തള്ളിക്കളയാനാവില്ല.
തങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയതിന് അത്രക്ക് കോപം രാഹുല്‍ ഗാന്ധിക്ക് ഉമ്മന്‍ ചാണ്ടിയോടെ ഉണ്ടെന്നാണ് ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഇനി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലും ഉമ്മന്‍ ചാണ്ടിക്ക് നിഷേധിക്കപ്പെടാനും സാധ്യതയുണ്ട്.
പ്രത്യേകിച്ച് മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തി വാങ്ങിയ മറ്റ് 4 നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍.
അതേസമയം, ബെന്നി ബഹന്നാന് പകരം എ ഗ്രൂപ്പിലെ തന്നെ പിടി തോമസിനെ തൃക്കാക്കര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുക വഴി എ ഗ്രൂപ്പ് പിളര്‍ത്താനാണ് സുധീരന്റെ ശ്രമം.
എ ഗ്രൂപ്പിന്റെ സംസ്ഥാനത്തെ മുന്‍നിര നേതാവാണ് പി ടി തോമസ്. മികച്ച സംഘാടകനും മുന്‍ ഇടുക്കി എംപിയുമാണ്.
ഈ നിയമസഭാ തിരഞ്ഞെടുപ്പിലെ എ ഗ്രൂപ്പിന്റെയും സര്‍ക്കാരിന്റെയും ബുദ്ധി കേന്ദ്രമായ ബെന്നി ബഹന്നാനെ വെട്ടിനിരത്തിയത് എ ഗ്രൂപ്പ് അണികളെ മാത്രമല്ല ഐ ഗ്രൂപ്പ് അണികളെയും ഞെട്ടിച്ചിട്ടുണ്ട്.