ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‌സിഡസ് ബെന്‍സ് എഎംജി ഇ53 4മാറ്റിക്പ്ലസ്, എഎംജി ഇ63 എസ് എന്നീ മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 1.02 കോടി രൂപ, 1.70 കോടി രൂപ എന്നിങ്ങനെയാണ് ഈ മോഡലുകളുടെ എക്സ് ഷോറൂം വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ വിപണിയില്‍ ഇതാദ്യമായാണ് എഎംജി ഇ53 അവതരിപ്പിക്കുന്നത്. എക്സോസ്റ്റ് ഗ്യാസ് ടര്‍ബോചാര്‍ജര്‍, ഇലക്ട്രിക് കംപ്രസര്‍ എന്നിവ സഹിതം 3.0 ലിറ്റര്‍, ഇന്‍ലൈന്‍ 6 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. ഈ മോട്ടോര്‍ 429 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി എഎംജി സ്പീഡ്ഷിഫ്റ്റ് ടിസിടി 9ജി ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. 4.5 സെക്കന്‍ഡ് മതി 100 കി.മീ വേഗതയില്‍ എത്താന്‍. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ടോപ് സ്പീഡ്.
കാഴ്ച്ചയില്‍, പ്രത്യേക എഎംജി ഗ്രില്‍, ഫ്ളാറ്റ് എല്‍ഇഡി ഹെഡ്ലാംപുകള്‍ എന്നിവ നല്‍കി മുന്‍ഭാഗം റീസ്‌റ്റൈല്‍ ചെയ്തു. പന്ത്രണ്ട് വെര്‍ട്ടിക്കല്‍ സ്ലാറ്റുകള്‍, മധ്യത്തിലായി വലിയ സ്റ്റാര്‍ എന്നിവ കാണാം. പിറകില്‍ രണ്ട് പുതിയ ടെയ്ല്‍ലൈറ്റുകള്‍ നല്‍കി. ഇപ്പോള്‍ ബൂട്ട്ലിഡിലേക്ക് നീണ്ടിരിക്കുന്നു. റീസ്റ്റൈല്‍ ചെയ്തതും ഭാരം കുറഞ്ഞതുമായ 19 ഇഞ്ച് അലോയ് വീലുകളിലാണ് മെഴ്സേഡസ് എഎംജി ഇ53 ഓടുന്നത്. ചക്രങ്ങളില്‍ അഞ്ച് 2 സ്പോക്ക് ഡിസൈന്‍ കാണാം.
വാഹനത്തിന്റെ കാബിന്‍ ഉന്നത നിലവാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചതാണ്. നാപ്പ തുകല്‍ ഉപയോഗിച്ച് സീറ്റുകള്‍ പൊതിഞ്ഞു. സീറ്റുകളില്‍ പ്രത്യേക എഎംജി അപോള്‍സ്റ്ററി നല്‍കി. മുന്നിലെ സീറ്റുകളുടെ ബാക്ക്റെസ്റ്റുകളില്‍ എഎംജി ബാഡ്ജ് കാണാം. ഓരോരുത്തര്‍ക്കും ക്രമീകരിക്കാവുന്ന ആംബിയന്റ് ലൈറ്റിംഗ് സ്റ്റാന്‍ഡേഡായി നല്‍കി. ടച്ച്സ്‌ക്രീന്‍, ടച്ച്പാഡ് എന്നിവ സഹിതമുള്ള എംബിയുഎക്സ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ് മറ്റൊരു ഹൈലൈറ്റ്. ഇന്റലിജന്റ് വോയ്സ് കണ്‍ട്രോള്‍, പ്രത്യേക എഎംജി ഡിസ്പ്ലേകള്‍, സെറ്റിംഗ്സ് എന്നിവ ലഭിച്ചു.
അതേസമയം 4.0 ലിറ്റര്‍, ബൈ ടര്‍ബോ, വി8 എന്‍ജിനാണ് എഎംജി ഇ63 എസിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 603 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കുന്നതിന് ഈ പെര്‍ഫോമന്‍സ് സലൂണിന് 3.4 സെക്കന്‍ഡ് മതി. എം മോഡ് ഉപയോഗിക്കുമ്പോള്‍, സ്റ്റിയറിംഗ് മൗണ്ടഡ് പാഡില്‍ ഷിഫ്റ്ററുകള്‍ ഉപയോഗിച്ച് ഗിയര്‍ ഷിഫ്റ്റുകള്‍ നടത്താം. ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം ലഭിച്ചതാണ് മെഴ്സേഡസ് എഎംജി ഇ63 എസ്. ‘റേസ്’ മോഡ് ആക്റ്റിവേറ്റ് ചെയ്ത്, ഇഎസ്പി സ്വിച്ച്ഓഫ് ചെയ്താല്‍ റിയര്‍ വീല്‍ ഡ്രൈവിലേക്ക് മാറാം.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച സ്റ്റാന്‍ഡേഡ് മെഴ്സേഡസ് ബെന്‍സ് ഇ ക്ലാസിന് സമാനമായ എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗ് ലഭിച്ചതാണ് എഎംജി ഇ63 എസ് വകഭേദം. അതേസമയം പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്ന ചില മാറ്റങ്ങള്‍ കാണാം. പുതുക്കിപ്പണിത മുന്‍ഭാഗത്ത്, കുത്തനെ നല്‍കിയ പന്ത്രണ്ട് ക്രോം സ്ലാറ്റുകള്‍ സഹിതം വലിയ എഎംജി ഗ്രില്‍ കാണാന്‍ കഴിയും. വിസ്തൃതമായ എയര്‍ ഇന്‍ലെറ്റുകള്‍ നല്‍കി ബംപര്‍ പുനര്‍രൂപകല്‍പ്പന ചെയ്തു. ഭാരം കുറഞ്ഞ 20 ഇഞ്ച് 5 സ്പോക്ക് അലോയ് വീലുകളിലാണ് മെഴ്സേഡസ് എഎംജി ഇ63 എസ് ഓടുന്നത്. മാറ്റ് ബ്ലാക്ക്, ഹൈ ഗ്ലോസ് ടൈറ്റാനിയം ഗ്രേ എന്നിവയാണ് ചക്രങ്ങളുടെ കളര്‍ ഓപ്ഷനുകള്‍.
കാറിനകത്ത് പ്രത്യേക എഎംജി ട്രീറ്റ്മെന്റ് നല്‍കി. ഇപ്പോള്‍ ഇരട്ട 2 സ്പോക്ക് ഡിസൈന്‍ ലഭിച്ച പുതിയ ‘എഎംജി പെര്‍ഫോമന്‍സ്’ സ്റ്റിയറിംഗ് വളയം ലഭിച്ചു. സ്പര്‍ശിക്കാന്‍ കഴിയുന്ന പ്രതലം നല്‍കി ഫിസിക്കല്‍ ബട്ടണുകള്‍ എടുത്തുകളഞ്ഞു. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മീഡിയ ഡിസ്പ്ലേ എന്നിവ ഇവിടെ നിയന്ത്രിക്കാം. 12.25 ഇഞ്ച് വലുപ്പമുള്ള രണ്ട് സ്‌ക്രീനുകള്‍ കുടികൊള്ളുന്നതാണ് വീതിയേറിയ സ്‌ക്രീന്‍ ലേഔട്ട്. മോഡേണ്‍ ക്ലാസിക്, സ്പോര്‍ട്ട്, സൂപ്പര്‍സ്പോര്‍ട്ട് എന്നീ മൂന്ന് എഎംജി ഡിസ്പ്ലേകള്‍ തെരഞ്ഞെടുക്കാന്‍ കഴിയും.
ഈ മോഡലിനെ പൂര്‍ണമായും നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് മേഴ്‌സിഡസ് ബെന്‍സ്. ഈയിടെ അവതരിപ്പിച്ച ബിഎംഡബ്ല്യു എം5 കോമ്പറ്റീഷനാണ് എഎംജി ഇ63 എസിന്റെ മുഖ്യ എതിരാളി.