സെക്സ് ടേപ്പ് കേസിൽ ബെൻസേമ കുറ്റക്കാരൻ; ഒരു വർഷം തടവും അരക്കോടി പിഴയും

ഫ്രഞ്ച് ഫുട്ബോൾ വൃത്തങ്ങളിൽ കൊടുങ്കാറ്റ് സൃഷ്ടിച്ച സെക്സ് ടേപ്പ് വിവാദത്തിൽ റയൽ മഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമ കുറ്റക്കാരനെന്ന് കോടതി. ഒരു വർഷത്തെ സസ്പെൻഡഡ് തടവും അരക്കോടിയിലധികം രൂപ പിഴയുമാണ് ശിക്ഷ. അഞ്ച് വർഷത്തോളം മുൻപു നടന്ന സംഭവത്തിന്റെ പേരിലാണ് ബെൻസേമയെ കോടതി ശിക്ഷിച്ചത്. ദേശീയ ടീമിലെ സഹതാരം മാത്യു വാൽബുവേനയെ ബ്ലാക്മെയ്ൽ ചെയ്യാൻ പുറത്തുവിട്ട സെക്സ് ടേപ്പിനു പിന്നിൽ ബെൻസേമയ്ക്കും പങ്കുണ്ടെന്നതായിരുന്നു വിവാദം. ബെൻസേമയ്ക്കൊപ്പം കുറ്റക്കാരെന്നു കണ്ടെത്തിയ നാലു പേരെയും കോടതി ശിക്ഷിച്ചു.

സസ്പെൻഡഡ് തടവുശിക്ഷയായതിനാൽ ബെൻസേമ ജയിലിൽ കഴിയേണ്ടിവരില്ല. സംഭവത്തിൽ പങ്കില്ലെന്നാണ് ആദ്യം മുതലേ ബെൻസേമയുടെ നിലപാട്. ശിക്ഷ വിധിക്കുമ്പോൾ ബെൻസേമ കോടതിയിലെത്തിയിരുന്നില്ല. നിലവിൽ ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസിനു കളിക്കുന്ന മാത്യു വാൽബുവേനയും കോടതിയിലെത്തിയില്ല. കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ബെൻസേമയുടെ അഭിഭാഷകൻ വ്യക്തമാക്കി.

2015 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. അന്ന് ഫ്രഞ്ച് ടീമിന്റെ ദേശീയ ക്യാംപിൽ അംഗങ്ങളായിരുന്നു ഇരുവരും. ബെൻസേമ അന്നും റയൽ മഡ്രിഡ് താരമായിരുന്നു. വാൽബുവേന ഫ്രഞ്ച് ക്ലബ് ഒളിംപിക് ലിയോണെയുടെ താരവും. ക്യാംപിൽവച്ച് വാൽബുവേനയുമായി ബന്ധപ്പെട്ട് അശ്ലീല വിഡിയോ പുറത്തുവിടുമെന്ന് ചിലർ താരത്തെ ഭീഷണിപ്പെടുത്തി. ഇവർക്ക് പണം നൽകാൻ ബെൻസേമ നിർബന്ധിച്ചെന്നാണ് കേസ്. മറ്റു നാലു പേർ ചേർന്ന് വാൽബുവേനയിൽനിന്ന് പണം തട്ടാനായി ആസൂത്രണം ചെയ്ത പദ്ധതിയിൽ ബെൻസേമയയും ഭാഗമായിരുന്നുവെന്നായിരുന്നു ആരോപണം. എന്നാൽ, പ്രശ്നം പരിഹരിക്കാനാണ് താൻ ശ്രമിച്ചതെന്നാണ് ബെൻസേമ തുടക്കം മുതലേ കൈക്കൊണ്ട നിലപാട്.

സെക്സ് ടേപ്പ് ബ്ലാക്ക് മെയിൽ കേസ് കോടതിയിലെത്തിയതോടെ രണ്ടു താരങ്ങളെയും നാട്ടിൽ നടന്ന യൂറോകപ്പിൽ ഫ്രഞ്ച് ടീമിൽനിന്ന് ഒഴിവാക്കിയിരുന്നു. 6 വർഷത്തോളം നീണ്ട ‘വനവാസത്തിനു’ ശേഷം അടുത്തിടെയാണ് ബെൻസേമ ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിൽ തിരിച്ചെത്തിയത്. കോച്ച് ദിദിയേ ദെഷാമിന്റെ പ്രത്യേക ഇടപെടലിലൂടെയാണു യൂറോ കപ്പിനുള്ള 26 അംഗ ടീമിൽ ഇടം നേടിയത്. 2015ൽ ഒക്ടോബറിൽ അർമേനിയയ്ക്കെതിരായ സൗഹൃദമത്സരത്തിലായിരുന്നു ബെൻസേമ അതിനു മുൻപു കളിച്ചത്.

 

 

Top