ബര്‍ലിന്‍: ബര്‍ലിനില്‍ നിന്നും രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി. യുദ്ധകാലത്ത് അമേരിക്ക വര്‍ഷിച്ച ബോംബുകളില്‍ പൊട്ടാതെ കിടന്ന ഒന്നാണിത്. 100 കിലോഗ്രാം ഭാരമുള്ള ബോംബ് കണ്ടെത്തിയ ഉടനെ തന്നെ നിര്‍വീര്യമാക്കി. പരിസരവാസികളും ഓഫീസ് ജീവനക്കാരും ഉള്‍പ്പെടെ 3000ലേറെ പേരെ ഒഴിപ്പിച്ചുമാറ്റിയ ശേഷമാണു ബോംബ് നിര്‍വീര്യമാക്കിയത്.
ബെര്‍ലിനിലെ അലക്‌സാന്‍ഡര്‍പ്ലാറ്റ്‌സ് മേഖലയിലായിരുന്നു ബോംബ് കണ്ടെത്തിയത്. നഗരത്തിലെ വ്യാപാരസമുച്ചയത്തിനു സമീപം മണ്ണിനടിയില്‍ പൊട്ടാതെ കിടക്കുകയായിരുന്നു. ബോംബ് നിര്‍വീര്യമാക്കല്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഇനി ആരും പേടിക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് 7 പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും യുദ്ധകാലത്ത് വര്‍ഷിച്ച ബോംബുകളില്‍ പൊട്ടാതെ കിടക്കുന്നവ വിവിധ ഇടങ്ങളില്‍ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലില്‍ 500കിലോഗ്രാമിന്റെ ബോംബ് ബര്‍ലിനില്‍ നിര്‍വീര്യമാക്കിയിരുന്നു.