40,000 കോടി രൂപയുടെ മൂലധനം സ്വരൂപിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റ പദ്ധതി

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷം ഏകദേശം 40,000 കോടി രൂപയുടെ (400 ബില്യണ്‍ രൂപ) മൂലധനം സ്വരൂപിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് പദ്ധതിയിടുന്നു. വായ്പയിലൂടെയും ബോണ്ടുകള്‍ വഴിയും പണം കണ്ടെത്താനാണ് കമ്പനിയുടെ നീക്കമെന്നും ഇന്ത്യന്‍ കറന്‍സിയിലായിരിക്കും ഭൂരിഭാഗം തുകയും സ്വരൂപിക്കുന്നതെന്നും ഇതുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ റിലയന്‍സിന്റെ മൊത്തം കടബാധ്യതയില്‍ മൂന്ന് മടങ്ങ് വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് ബ്ലൂംബെര്‍ഗ് ഡാറ്റ വ്യക്തമാക്കുന്നത്. ജിയോ വിപുലീകരിക്കുന്നതിലും പരമ്പരാഗത ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ് വിഭാഗത്തിലും റിലയന്‍സ് നടത്തിയുള്ള ഭീമമായ ചെലവിടലാണ് കമ്പനിയുടെ കടം ഉയരാന്‍ കാരണമായത്. മൊത്തം 2.2 ട്രില്യണ്‍ രൂപയുടെ കടബാധ്യതയാണ് ആര്‍ ഐ എല്ലിനുള്ളത്. ഇതില്‍ പകുതിയലധികം 2022 ഓടെ അടച്ചു തീര്‍ക്കേണ്ടതാണെന്നും ബ്ലൂംബെര്‍ഗിന്റെ കണക്കുകള്‍ പറയുന്നു.

ഫൈബര്‍ അധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ അവതരിപ്പിക്കുന്നത്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ടെലികോം ആസ്തികള്‍ ഏറ്റെടുക്കുന്നത് , എന്നിവ ഉള്‍പ്പെടെ ഭീമമായ നിക്ഷേപ പദ്ധതികളാണ് ആര്‍ ഐ എല്‍ ഈ വര്‍ഷം ആസൂത്രണം ചെയ്തിട്ടുള്ളത്. റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ സ്‌പെക്ട്രം, മൊബീല്‍ഫോണ്‍ ടവര്‍, ഫൈബര്‍ ആസ്തികള്‍ ഏറ്റെടുക്കുന്നതിന് ഏകദേശം 173 ബില്യണ്‍ രൂപയാണ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്.

Top