പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്നതിനു മുന്നോടിയായി പല രാജ്യങ്ങളും ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കി തുടങ്ങിയിരിക്കുന്നു.
ഈ സാഹചര്യത്തില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള സാധ്യത തേടുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.
‘ജെന്‍ സി’ എന്നപേരില്‍ അവതരിപ്പിക്കുന്ന സ്‌കൂട്ടറുകളും ബൈക്കുകളും നിലവില്‍ യു എസില്‍ ലഭിക്കുന്നുണ്ടെങ്കിലും വൈകാതെ ഇന്ത്യയിലും ലഭ്യമാവുമെന്നാണു മഹീന്ദ്ര നല്‍കുന്ന സൂചന.
ഇന്ത്യയില്‍ പ്രതിവര്‍ഷം 38,000 — 40,000 വൈദ്യുത ഇരുചക്രവാഹനങ്ങളാണു വിറ്റഴിക്കുന്നത്. വരുന്ന അഞ്ചു വര്‍ഷത്തിനകം വൈദ്യുത ഇരുചക്രവാഹന വില്‍പ്പന അഞ്ചു ലക്ഷം യൂണിറ്റിലെത്തുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര.
അതേസമയം ‘ജെന്‍ സി’യുടെ ഇന്ത്യന്‍ അവതരണത്തെപ്പറ്റി സ്ഥിരീകരണമൊന്നും നല്‍കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സന്നദ്ധമായില്ല.
സിലിക്കന്‍ വാലി ലക്ഷ്യമിട്ടാണ് ‘ജെന്‍ സി’ വികസിപ്പിച്ചതെന്നും ജെന്‍ സി വാഹനങ്ങള്‍ യു എസില്‍ ശ്രദ്ധ നേടിയെന്നും കമ്പനി പറയുന്നു.
അടുത്ത അഞ്ചു വര്‍ഷത്തിനിടെ വില്‍പ്പനയില്‍ 100% വളര്‍ച്ച നിലനിര്‍ത്താനും 2022 — 23 ആകുമ്പോഴേക്ക് 2.20 ലക്ഷം യൂണിറ്റ് വില്‍പ്പന നേടാനുമാണു പ്രമുഖ വൈദ്യുത വാഹന നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക്കിന്റെ പദ്ധതി.
ബെംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട് അപ്പായ ആതര്‍ എനര്‍ജി, കോയമ്പത്തൂരിലെ ആംപിയര്‍ ഇലക്ട്രിക്കല്‍ വെഹിക്കിള്‍സ് തുടങ്ങിയവരും ഈ മേഖലയില്‍ സജീവസാന്നിധ്യമാണ്.